
തൃശൂർ: തൃശൂരിൽ ലോഡ്ജിൽ മുറിയെടുത്ത ഗർഭിണിയായ യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്.
കഴിഞ്ഞ 27നാണ് യുവതി ലോഡ്ജിൽ മുറിയെടുത്തത്. ഹോട്ടലിലെ 108-ാം നമ്പർ മുറിയിലാണ് യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.

യുവതിയുടെ സുഹൃത്തായ ഓട്ടോ ഡ്രൈവർ ഹോട്ടലിലെത്തി മുറി തുറക്കുന്നില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചു.
മുറിക്കുള്ളിൽ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുകയാണ്.

പ്രസവത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണോ മരണകാരണമെന്ന് ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ വ്യക്തമാകൂ.


