
തൃശൂർ: സംസ്ഥാന പാതയിലെ കായാംപൂവം ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം.
തിരുവില്വാമല–തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഷാസ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രികരായ പഴയന്നൂർ വടക്കേത്തറ കിഴിവീട്ടിൽ ശ്രീലക്ഷ്മി (27), പ്ലാഴി സ്വദേശി രേഷ്മ (32), ചൂലന്നൂർ സ്വദേശി കൃപന്യ (30) എന്നിവർക്ക് പരിക്കേറ്റു.
അതേസമയം, ജോലിക്കായി ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന കൊണ്ടാഴി പാറമേൽപ്പടി പാറോല വീട്ടിൽ പ്രവിത (34), അകമ്പാടത്ത് കീർത്തിയിൽ സൗമ്യ (36) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്.
പരിക്കേറ്റ എല്ലാവരെയും ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


