
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ നടത്തിയ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. നാലാഴ്ചയ്ക്കുള്ളിൽ ഭരണഘടന അനുശാസിക്കുന്ന രീതിയിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി നിർദേശിച്ചു.
തിരുവനന്തപുരം നഗരസഭയിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയ കേസിനൊപ്പമാണ് സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയും കോടതി പരിഗണിച്ചത്. ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമായി വ്യക്തിയുടെ പേരിൽ സത്യപ്രതിജ്ഞ നടത്തിയത് നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
എൽഡിഎഫ് അംഗം സി. കണ്ണൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ചട്ടലംഘനം നടത്തിയതിനാൽ സുനിൽ ചുവട്ടുപാടത്തെ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാൽ സത്യപ്രതിജ്ഞ അസാധുവാക്കുകയും വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകുകയും ചെയ്യുകയായിരുന്നു കോടതി.
ഭരണഘടന നിർദേശിച്ച സത്യപ്രതിജ്ഞാ ചട്ടങ്ങൾ പാലിക്കേണ്ടത് ജനപ്രതിനിധികളുടെ ബാധ്യതയാണെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തികളോടുള്ള ആദരവോ ആരാധനയോ സത്യപ്രതിജ്ഞയുടെ ഭരണഘടനാപരമായ രൂപം മാറ്റാനുള്ള കാരണമാകില്ലെന്നും കോടതി വ്യക്തമാക്കി.
ഭരണഘടനയ്ക്ക് വിരുദ്ധമായ രീതിയിൽ സത്യപ്രതിജ്ഞ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ കർശനമായി പാലിക്കപ്പെടേണ്ടതുണ്ടെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.


