
മനാമ: ബഹ്റൈനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തുന്നവർ ഫണ്ടിന്റെ ഉറവിടം, വിനിയോഗം എന്നിവ വെളിപ്പെടുത്തണമെന്നും ഓഡിറ്റ് ചെയ്ത റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമഭേദഗതി ബഹ്റൈൻ ശൂറ കൗൺസിൽ ചർച്ച ചെയ്യുന്നു. പൊതുജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന പണം കള്ളപ്പണം വെളുപ്പിക്കാനോ ഭീകരവാദ പ്രവർത്തനങ്ങൾക്കോ ദുരുപയോഗം ചെയ്യുന്നത് തടയുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

ലൈസൻസ് ഉള്ള സംഘടനകൾ ഫണ്ട് ലഭിക്കുന്ന സ്രോതസ്സും അത് ചിലവഴിക്കുന്ന രീതിയും വ്യക്തമായി രേഖപ്പെടുത്തണം. നിയമലംഘനങ്ങളുടെ ഗൗരവം അനുസരിച്ച് ക്രിമിനൽ നടപടികൾക്ക് പുറമെ അഡ്മിനിസ്ട്രേറ്റീവ് പിഴകളും ചുമത്താൻ പുതിയ നിയമം അധികാരം നൽകുന്നുണ്ട്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (FATF) അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുമാണ് ഈ കടുത്ത നടപടികൾ സ്വീകരിക്കുന്നത്.


