
മലപ്പുറം: തിരൂർ എറ്റിരിക്കടവിലെ മസാജ് സെന്ററിൽ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി മർദ്ദിക്കുകയും സ്വർണ്ണവും പണവും കവരുകയും ചെയ്ത സംഭവത്തിൽ ഉടമയും രണ്ട് വനിതാ ജീവനക്കാരും പോലീസ് പിടിയിലായി. തിരുവനന്തപുരം സ്വദേശിയായ ഉടമ സൗദ്, ജീവനക്കാരികളായ കോട്ടയം സ്വദേശി ജയന്തി, ഓച്ചിറ സ്വദേശി വീണ എന്നിവരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. തലക്കാട് സ്വദേശിയായ മനോജ് കഴിഞ്ഞ ദിവസം രാത്രി ‘ഓറ വെൽനെസ് സെന്ററിൽ’ മസാജിനായി എത്തിയപ്പോഴായിരുന്നു ക്രൂരമായ ഈ സംഭവം അരങ്ങേറിയത്. മസാജിനായി 1,500 രൂപ അടച്ച ശേഷം വസ്ത്രം മാറിയെത്താൻ ആവശ്യപ്പെട്ടു. വസ്ത്രം മാറിയയുടൻ യുവാവിന്റെ ഫോട്ടോ പകർത്തി. ഇതുകാണിച്ച് 2 ലക്ഷം രൂപ നൽകണമെന്നും വെള്ളക്കടലാസിൽ ഒപ്പിട്ടു നൽകണമെന്നും ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ പ്രതികൾ മനോജിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവാവിന്റെ കഴുത്ത് ഞെരിക്കുകയും കയ്യിൽ മുറിവേൽപ്പിക്കുകയും ചെയ്ത ശേഷം ഒന്നര പവന്റെ സ്വർണ്ണമാല, 28,500 രൂപ, മോട്ടോർ സൈക്കിൾ, പവർ ബാങ്ക് എന്നിവ പ്രതികൾ കവർന്നെടുത്തു. പരിക്കേറ്റ മനോജ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു.


