
കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടി ഗർഭിണിയാണെന്നും പൊലീസിനു മുന്നിൽ ഉടൻ നേരിട്ട് ഹാജരാകാൻ സാധിക്കില്ലെന്നും ഭർത്താവ് ഫർമാൻ ഖാൻ. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ചു തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചെന്ന് കുട്ടിയുടെ മാതാപിതാക്കൾ ഫർമാനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിയ്ക്ക് പരാതി നൽകിയിരുന്നു. മാർച്ച് 11നാണ് തിരുവനന്തപുരത്തെ പൂവാർ പഞ്ചായത്തിൽ ഇരുവരുടേയും വിവാഹം രജിസ്റ്റർ ചെയ്തത്.

കുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന വിവാദം പോക്സോ കേസിനു വഴിവച്ചതോടെ മധ്യപ്രദേശ് സർക്കാർ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കി. വിവാഹം കഴിച്ചയാൾക്കെതിരെയാണ് പോക്സോ ചുമത്തി കേസെടുത്തത്. കേസിൽ പെൺകുട്ടിയേയും ഭർത്താവിനേയും അറസ്റ്റ് ചെയ്യുന്നത് മധ്യപ്രദേശ് ഹൈക്കോടതി മെയ് 20 വരെ തടഞ്ഞിട്ടുണ്ട്. മാർച്ച് 11നു തമ്പാനൂർ പൊലീസിനെ സമീപിച്ച് പെൺകുട്ടി പിതാവിനെതിരെ പരാതി നൽകിയിരുന്നു. പിതാവ് തന്നെ ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നായിരുന്നു പരാതി. കാമുകനൊപ്പം പോകണമെന്ന നിലപാടാണ് പെൺകുട്ടി എടുത്തത്.


