
കൊച്ചി: വിവിധ പ്രയാസങ്ങള്‍ അനുഭവിക്കുന്ന സാധാരണ പ്രവാസികളെ ബഹ്റൈനില്‍നിന്ന് നാട്ടിലെത്തിക്കാന്‍ ബി.കെ.എസ്.എഫും ബി.എം.ബി.എഫും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ കുറഞ്ഞ നിരക്കിലുള്ള വിമാന സര്‍വീസ് രണ്ട് ദിവസങ്ങളിലായി കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി.
യാത്രക്കാര്‍ക്ക് സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്കി. ഭാരവാഹികളായ നജീബ് കടലായി, ബഷീര്‍ വാണിയക്കാട്, സിയാദ് ഏഴംകുളം, അശറഫ് മായഞ്ചേരി എന്നിവര്‍ സ്വീകരത്തിന് നേതൃത്വം നല്കി.
യാത്രക്കാര്‍ക്ക് റോസാപ്പൂവ്, ജ്യൂസ്, ബിസ്കറ്റ്, വെള്ളം എന്നിവ വിതരണം ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരെ യാത്രയയയ്ക്കുകയും ചെയ്തു.
പശ്ചിമേഷ്യയിലെ നിലവിലെ സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍ മൂലം നാട്ടിലേക്ക് അടിയന്തരാവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാതിരുന്ന ബഹ്റൈനിലെ പ്രവാസികള്‍ക്ക് കൈത്താങ്ങായി കച്ചവടക്കാരുടെ കൂട്ടായ്മയായ ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം (ബി.എം.ബി.എഫ്) എന്ന സംഘടനയും കോവിഡ് കാലത്ത് ബഹ്റൈനിലെ വിവിധ സാമൂഹ്യ സംഘടനാപ്രവര്‍ത്തകര്‍ ഒരുമിച്ചുചേര്‍ന്നു രൂപം നല്കിയ ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറം (ബി.കെ.എസ്.എഫ്) എന്ന കൂട്ടായ്മയും സംയുക്തമായാണ് സാധാരണക്കാരായ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് പോകാന്‍ ഒമാന്‍ വഴി സൗകര്യമൊരുക്കിയത്.
ബഹ്റൈനില്‍നിന്ന് ഒമാന്‍ വഴി മസ്കത്ത് എയര്‍പോര്‍ട്ടില്‍നിന്നാണ് കൊച്ചിയിലേക്ക് വിമാന സര്‍വീസ് ഒരുക്കിയത്. ഏപ്രില്‍ 14, 15 തീയതികളിലായി മനാമയിലെ ഗോള്‍ഡന്‍ തുലിപ് ഹോട്ടല്‍ അങ്കണത്തില്നിന്നാണ് യാത്ര ആരംഭിച്ചത്.


