
മനാമ: ലെബനനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.
അമേരിക്കയുടെ നയതന്ത്ര മദ്ധ്യസ്ഥതയിലൂടെ ഈ ധാരണയിലേക്ക് നയിച്ച പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങള്‍ക്ക് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ നന്ദി അറിയിച്ചു. കൂടാതെ സുസ്ഥിര സമാധാനം കൈവരിക്കുന്നതിനായി നയതന്ത്ര പാത മുന്നോട്ട് കൊണ്ടുപോകാനും സംഘര്‍ഷം നിയന്ത്രിക്കാനും ലെബനന് പ്രസിഡന്റ് ജനറല്‍ ജോസഫ് ഔണ് നടത്തിയ മുന്‍കൈയെ അഭിനന്ദിക്കുകയും ചെയ്തു. ലെബനന്റെ സുരക്ഷ, സ്ഥിരത, ഐക്യം, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവയെ പിന്തുണയ്ക്കുന്നതിലും ആയുധങ്ങള്‍ രാജ്യത്തിന്റെ പ്രത്യേക അധികാരത്തിന് കീഴിലാണെന്ന് ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളിലും ബഹ്റൈന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.


