മനാമ: ബഹ്റൈൻ ഹോക്കി അസോസിയേഷൻ സംഘടിപ്പിച്ച ഇന്റർ സ്കൂൾ ഫൈവ് എ സൈഡ് ഹോക്കി ടൂർണമെന്റിൽ മികച്ച പ്രകടനവുമായി ഇന്ത്യൻ സ്കൂൾ ബഹ്റൈൻ. പെൺകുട്ടികളുടെ ടീം മൂന്നാം സ്ഥാനവും സി.വി. രാമൻ ഹൗസിന്റെ ആൺകുട്ടികളുടെ ടീം നാലാം സ്ഥാനവും നേടി.

ഇന്ത്യൻ സ്കൂളിൽനിന്ന് അമ്പതോളം വിദ്യാർഥികളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. പെൺകുട്ടികളുടെ വിഭാഗത്തിൽ അഞ്ച് ടീമുകളും ആൺകുട്ടികളുടെ വിഭാഗത്തിൽ ഒമ്പത് ടീമുകളും മത്സരിച്ചു. യുവതാരങ്ങൾക്ക് ഹോക്കിയിലെ കഴിവുകൾ പ്രകടിപ്പിക്കാനും മത്സരപരിചയം നേടാനും ടൂർണമെന്റ് അവസരമൊരുക്കി.

ആവേശവും അർപ്പണബോധവും ഒത്തിണക്കവും കായികമനോഭാവവും പ്രകടിപ്പിച്ച വിദ്യാർഥികളെ സ്കൂൾ അധികൃതർ അഭിനന്ദിച്ചു. നേട്ടം കൈവരിച്ച ഇരു ടീമുകൾക്കൊപ്പം ഹോക്കി പരിശീലകനും ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവിയുമായ ശ്രീധർ ശിവയ്ക്കും അധികൃതർ അഭിനന്ദനം അറിയിച്ചു.


