
മനാമ: കാനൂ ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ (ജി.എസ്.എസ്.) ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കമായി. ജി.എസ്.എസ്. കുടുംബാംഗവും ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവുമായ മിഥുൻ മോഹൻ ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി ദേവദത്തൻ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ സതീഷ് കുമാറും ജനറൽ സെക്രട്ടറി ബിനുരാജ് രാജനും ആശംസകൾ നേർന്നു. അസിസ്റ്റന്റ് ട്രഷറർ ശിവജി ശിവദാസൻ നന്ദി രേഖപ്പെടുത്തി.

അജിത്ത് പ്രസാദിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഭക്തിഗാനസുധയും സൊസൈറ്റി കുടുംബാംഗമായ കുമാരി ആരാധ്യ സതീഷ് അവതരിപ്പിച്ച ഭരതനാട്യവും ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടി.

സൊസൈറ്റിയിൽ പ്രത്യേകം സജ്ജമാക്കിയ നവരാത്രി മണ്ഡപത്തിൽ പത്തുദിവസം നീളുന്ന വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ ഭക്തിഗാനസുധയും കലാപരിപാടികളും അരങ്ങേറും.

തുടർച്ചയായി 14 വർഷമായി സംഘടിപ്പിച്ചുവരുന്ന ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് പൂജവെപ്പും ഒക്ടോബർ 21 ബുധനാഴ്ച രാവിലെ വിദ്യാരംഭവും നടക്കും. പ്രമുഖ വ്യവസായിയും ബി.കെ.ജി. ഹോൾഡിംഗ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.ജി. ബാബുരാജൻ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നുനൽകും.

പരിപാടികളുടെ നടത്തിപ്പിനായി എന്റർടൈൻമെന്റ് സെക്രട്ടറി ബിനുമോൻ ചുങ്കപ്പാറ, മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത്ത് വാസപ്പൻ, ട്രഷറർ അജികുമാർ, പബ്ലിക് റിലേഷൻസ് സെക്രട്ടറി രജീഷ് പട്ടാഴി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

വിദ്യാരംഭച്ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മുൻകൂർ രജിസ്ട്രേഷൻ പുരോഗമിക്കുകയാണെന്നും രജിസ്റ്റർ ചെയ്യാൻ 3434 7514 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.


