റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ സേവന വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒയ്ക്ക് വൻ നിക്ഷേപക താൽപര്യമെന്ന് റിപ്പോർട്ട്. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം, ഐപിഒയുമായി ബന്ധപ്പെട്ട ബിഡുകളും താൽപര്യവും 2,000 കോടി ഡോളർ കവിഞ്ഞിട്ടുണ്ട്. ഫിഡിലിറ്റി, അലയൻസ്, ക്യാപിറ്റൽ ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ ആഗോള സ്ഥാപനങ്ങൾക്കൊപ്പം നിരവധി ആഭ്യന്തര, വിദേശ നിക്ഷേപകരും ഓഹരി വിൽപനയിൽ താൽപര്യം പ്രകടിപ്പിച്ചതായാണ് വിവരം.
ആങ്കർ നിക്ഷേപകരുടെ അന്തിമ പട്ടിക ഇതുവരെ തീരുമാനിച്ചിട്ടില്ല. ഐപിഒ നടപടികൾ പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ നിക്ഷേപകരുടെ പങ്കാളിത്തവും ഓഹരി വിഹിതവും സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ഐപിഒയിലൂടെ ജിയോ പ്ലാറ്റ്ഫോംസ് 10.3 ലക്ഷം കോടി രൂപയോളം, അതായത് ഏകദേശം 108 ബില്യൺ ഡോളർ വരെ, മൂല്യനിർണയമാണ് ലക്ഷ്യമിടുന്നത്. മുൻപ് കമ്പനിയുടെ മൂല്യം 170 ബില്യൺ ഡോളർ വരെ എത്തുമെന്ന കണക്കുകൂട്ടലുകൾ പുറത്തുവന്നിരുന്നു. പുതിയ ലക്ഷ്യം അതിനേക്കാൾ താഴെയാണെങ്കിലും, ഐപിഒ വിജയിച്ചാൽ ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിൽപനയായി മാറിയേക്കും.
ജിയോ പ്ലാറ്റ്ഫോംസ് മാനേജിങ് ഡയറക്ടർ ആകാശ് അംബാനിയാണ് ഐപിഒ ഒരുക്കങ്ങൾക്കും നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകൾക്കും നേതൃത്വം നൽകുന്നത്. കഴിഞ്ഞ ആഴ്ചകളിൽ ഹോങ്കോങ്, ലണ്ടൻ, ന്യൂയോർക്ക് തുടങ്ങിയ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളിൽ അദ്ദേഹം നിക്ഷേപകരുമായി ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുണ്ട്. ലക്ഷ്യമിടുന്ന മൂല്യനിർണയവും ഡിജിറ്റൽ സേവനങ്ങളിൽ നിന്നുള്ള വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികളും സംബന്ധിച്ച് നിക്ഷേപകർ ചോദ്യങ്ങൾ ഉന്നയിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
ടെലികോം സേവനങ്ങൾക്കൊപ്പം നിരവധി ഡിജിറ്റൽ ആപ്പുകളും പ്ലാറ്റ്ഫോമുകളും ഉൾപ്പെടുന്ന ജിയോയുടെ വിപുലമായ ഇക്കോസിസ്റ്റത്തെ സ്ഥിരമായ വരുമാന വളർച്ചയിലേക്കും ലാഭത്തിലേക്കും എങ്ങനെ മാറ്റാനാകുമെന്നതാണ് നിക്ഷേപകർ പ്രധാനമായി വിലയിരുത്തുന്നത്. അന്തിമ ഐപിഒ വലുപ്പം, മൂല്യനിർണയം, ആങ്കർ നിക്ഷേപകരുടെ പങ്കാളിത്തം എന്നിവയാകും ഇനി ശ്രദ്ധാകേന്ദ്രം.

