
കൊച്ചി: കളമശേരിയില്‍ ‘ബൈ ബൈ പിണറായി’ ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചതിനെതിരെ പരാതി നല്‍കിയതിന് കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തതായി പരാതി.
കളമശേരി കുന്നുകര വടക്കേ അടുവാശ്ശേരിയിലെ കോണ്‍ഗ്രസ് ഓഫീസായ ഇന്ദിരാഭവന് സി.പി.എം. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു എന്നാണ് പരാതി. സംഭവത്തില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി അടക്കം ഏഴു പേര്‍ക്കെതിരെ ചെങ്ങമനാട് പോലീസ് കേസെടുത്തു. സി.പി.എം. ലോക്കല്‍ സെക്രട്ടറി അനില്‍, പ്രവര്‍ത്തകരായ ലൂയിസ്, തമ്പി, വിപിന്‍, ജോണി, ജ്യോതിഷ്, ഷൈജന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇന്ദിരാഭവനില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുമുണ്ട്.
കൊന്നുകളയുമെന്ന് ആക്രോശിച്ച് തിങ്കളാഴ്ച രാത്രി 9.30ഓടെ മാരകായുധങ്ങളുമായി ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു എന്ന് എഫ്.ഐ.ആറില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മെവിന്‍ ജോയിയുടെ പരാതിയിലാണ് കേസ്. മാരകായുധങ്ങളുമായി എത്തിയ സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. കൂട്ടത്തിലുള്ളയാള്‍ കത്തികൊണ്ട് കുത്താന്‍ തുടര്‍ച്ചയായി ശ്രമിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസിനുള്ളില്‍ കയറി ഫ്ളക്സുകളും കസേരയും കാരംബോര്ഡുമൊക്കെ തകര്‍ത്തു. പാര്‍ട്ടി ഓഫീസിന് 5,000 രൂപയുടെയെങ്കിലും നഷ്ടമുണ്ടായെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
രണ്ടു ദിവസം മുമ്പുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഇന്നലെ ഉണ്ടായ ആക്രമണം. പീടികപ്പടി ഭാഗത്തുള്ള ഇന്ദിരാഭവന് പരിസരത്ത് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ‘ബൈ ബൈ പിണറായി’ എന്ന ഫ്ളക്സ് ബോര്‍ഡ് വെച്ചിരുന്നു. ഞായറാഴ്ച രാത്രി എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ഇത് നശിപ്പിച്ചെന്ന് പരാതി ഉയര്‍ന്നു. തിങ്കളാഴ്ച രാവിലെ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ചെങ്ങമനാട് പൊലീസില്‍ പരാതി നല്കി. പിന്നാലെ ഇരു മുന്നണിക്കാരുമായും പോലീസ് ചര്‍ച്ച നടത്തിയിരുന്നു.
ഇന്നലെ രാത്രി യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ‘ബൈ ബൈ പിണറായി’ ബോര്‍ഡ് വീണ്ടും സ്ഥാപിച്ചു. ഇതോടെയാണ് സി.പി.എം. പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതും അക്രമമുണ്ടായതും. സംഘര്‍ഷമൊഴിവാക്കാന്‍ ഇരുകൂട്ടരെയും വിളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.


