തിരുവനന്തപുരം: ബിഗ് ബോസ് താരവും കുണ്ടറയിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് ബീന അന്തരിച്ചു. ക്യാൻസർ ബാധിതയായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് കാലങ്ങളായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് അന്ത്യം.
സോഷ്യൽ മീഡിയയിലൂടെ റോബിൻ രാധാകൃഷ്ണൻ തന്നെയാണ് മാതാവിന്റെ വിയോഗ വാർത്ത പങ്കുവെച്ചത്. 2026 മാർച്ച് 25ന് അമ്മയ്ക്ക് സ്റ്റേജ് IVB എൻഡോമെട്രിയൽ കാർസിനോമ സ്ഥിരീകരിച്ചതായി റോബിൻ കുറിച്ചു. അന്നുമുതൽ ആശുപത്രി സന്ദർശനങ്ങളും ചികിത്സകളും വേദനയും പ്രാർത്ഥനകളും നിറഞ്ഞ ഒരു യാത്രയായിരുന്നു അമ്മയുടെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പ്രതിസന്ധികളെയും അസാധാരണമായ ധൈര്യത്തോടെയും കരുത്തോടെയും അമ്മ നേരിട്ടുവെന്ന് റോബിൻ കുറിപ്പിൽ വ്യക്തമാക്കി. രോഗം ശരീരത്തെ ബാധിച്ചെങ്കിലും അമ്മയുടെ മനസിനെയും സ്നേഹത്തെയും കീഴടക്കാൻ അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വികാരഭരിതമായി കുറിച്ചു.
ധൈര്യത്തിന്റെ യഥാർത്ഥ അർത്ഥം അമ്മയാണ് തങ്ങളെ പഠിപ്പിച്ചതെന്ന് റോബിൻ പറഞ്ഞു. ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസങ്ങളിലും പ്രതീക്ഷയോടെയും സ്നേഹത്തോടെയും അന്തസ്സോടെയും അമ്മ മുന്നോട്ട് പോയെന്നും അദ്ദേഹം ഓർമ്മിച്ചു.
ധീരമായ പോരാട്ടത്തിനൊടുവിൽ 2026 ജൂലൈ 3ന് പുലർച്ചെ ഒരു മണിയോടെ അമ്മ ശാന്തമായി വിടപറഞ്ഞതായി റോബിൻ സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.
സ്നേഹം, അതിജീവനശേഷി, നിസ്വാർത്ഥ ത്യാഗം എന്നിവയുടെ പ്രതീകമായി അമ്മ എന്നും ഹൃദയത്തിൽ നിലനിൽക്കുമെന്നും അമ്മയുടെ ഓർമ്മകൾ ജീവിതകാലം മുഴുവൻ വഴികാട്ടിയാകുമെന്നും റോബിൻ കുറിച്ചു.

