
വയനാട്: വയനാട് മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ഒരു വർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.
നിശ്ചിത സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയായില്ലെങ്കിൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടാകുമെന്നും, അത്തരമൊരു അവസ്ഥ സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ കൊണ്ടുവരാനാണ് സർക്കാരിന്റെ പ്രഥമ പരിഗണന. അവിടെ ആവശ്യമായ സ്ഥലം ലഭ്യമായില്ലെങ്കിൽ മാത്രമേ മറ്റ് സാധ്യതകളെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

മടക്കിമലയിൽ സൗജന്യമായി ലഭിച്ച ഭൂമി ആശുപത്രി ആവശ്യങ്ങൾക്ക് തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അനധികൃത നിയമനം നടന്നുവെന്ന ജി. സുധാകരന്റെ ആരോപണത്തിലും മന്ത്രി പ്രതികരിച്ചു. പരാതികളുടെ അടിസ്ഥാനത്തിൽ ഈ മാസം 18ന് താൻ നേരിട്ട് വണ്ടാനം മെഡിക്കൽ കോളേജ് സന്ദർശിക്കുമെന്ന് മന്ത്രി പറഞ്ഞു.
പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിഷയത്തിൽ കൃത്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.


