
ദില്ലി:തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിൽ ബിജെപി സീൽ പതിച്ച സംഭവത്തിൽ വിവാദം തീരുന്നില്ല. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ ഓഫീസിലാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് പ്രചരിപ്പിച്ച എഐ വീഡിയോ കേരള പൊലീസ് ഇടപെട്ട് നീക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമായി തെറ്റ് സമ്മതിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചവർക്കെതിരായ നടപടി എന്തിനെന്ന് പൊലീസ് ഇനിയും വ്യക്തമാക്കിയിട്ടില്ല.ബിജെപി സീൽ വിവാദം തുടർച്ചയായി മൂന്നാം ദിവസവും പ്രതിപക്ഷം ദേശീയ തലത്തിൽ ബിജെപിക്കും കേന്ദ്രസർക്കാറിനുമെതിരെ ആയുധമാക്കുമ്പോഴും കേരള പൊലീസ് നടപടികൾ തുടരുകയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമായി തെറ്റ് സമ്മതിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചവരുടെ പോസ്റ്റുകൾ നീക്കിയതിന് പിന്നാലെ രാഷ്ട്രീയ പാർട്ടികളുടെയും വീഡിയോകളും കേരള പൊലീസ് ഇടപെട്ട് നീക്കി തുടങ്ങി. ഏറ്റവും ഒടുവിലായി ബിജെപിയുടെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയും ഓഫീസ് ഒന്നാണെന്ന് പരിഹസിച്ചുകൊണ്ട് കോൺഗ്രസ് രാവിലെ ഇറക്കിയ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽനിന്നും പൊലീസ് പരാതി നൽകി നീക്കിയത്. എന്നാൽ, കോൺഗ്രസ് വിഷയത്തിൽ കൂടുതൽ വീഡിയോകൾ പങ്കുവയ്ക്കുന്നുണ്ട്. അതും വൈകാതെ നീക്കിയേക്കും.
സംഭവിച്ചത് പിഴവല്ലെന്നും ഗൂഢാലോചനയാണെന്നും മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. എൽഡിഎഫും ബിജെപിയും ചേർന്ന ഗൂഢ സംഘമാണ് എല്ലാറ്റിനും പിന്നിലെന്ന് കോൺഗ്രസ് നേതാക്കളും വിമർശിച്ചു. അതേസമയം, എന്തിനാണ് പോസ്റ്റുകൾ നീക്കുന്നതെന്നും പോസ്റ്റുകളിൽ എന്താണ് തെറ്റെന്നുമുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം കേരള പൊലീസ് നൽകുന്നില്ല. പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പറഞ്ഞ ഡിജിപി റവാഡ ചന്ദ്രശേഖർ എല്ലാവരും സഹകരിക്കണമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയിട്ടുണ്ടെന്നും പൊലീസ് സമ്മതിച്ചു. അഞ്ഞൂറിലധികം സമൂഹമാധ്യമ ഹാൻഡിലുകളിൽനിന്നുള്ള പോസ്റ്റുകൾ നീക്കാനാണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളോട് കേരള പൊലീസ് ഇതുവരെ ആവശ്യപ്പെട്ടത്.


