
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം മാര്‍ച്ച് 11ന്. മാര്‍ച്ച് 6ന് നടക്കുമെന്നു നേരത്തെ അറിയിച്ച സന്ദര്‍ശനമാണു 11ലേക്കു മാറ്റിയതെന്ന് ബി.ജെ.പി. വൃത്തങ്ങള്‍ അറിയിച്ചു.
അന്നു വൈകീട്ട് 5ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു മുമ്പില്‍ അദ്ദേഹം എന്‍.ഡി.എ. പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. പ്രകടനപത്രിക അദ്ദേഹം പുറത്തിറക്കും. വൈകീട്ട് 7ന് മറൈന്‍ ഡ്രൈവില്‍ അഖില കേരള ധീവരസഭയുടെ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും.
വിവിധ റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനവും പ്രവൃത്തി ഉദ്ഘാടനവും പ്രധാനമന്ത്രി ഈ സന്ദര്‍ശനത്തിനിടെ നിര്‍വഹിച്ചേക്കും. സംസ്ഥാനത്ത് അമൃത് ഭാരത് പദ്ധതിയടക്കം നവീകരിച്ച സ്റ്റേഷനുകളുടെ ഉദ്ഘാടനവും ഇതില്‍പെടും. റെയില്‍വേ പദ്ധതികളുടെ സുപ്രധാന പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തുമെന്ന സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനൊരുങ്ങാന് റെയില്‍വേക്ക് നേരത്തെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.


