സാന്റിയാഗോ: അത്ലെറ്റിക്കോയെ വീഴ്ത്തി റയൽ മാഡ്രിഡ് കോപ്പാ ഡെൽ റേ സെമി ഫൈനലിൽ. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന മത്സരത്തിലാണ് പ്രധാന എതിരാളികളായ അത്ലെറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തി റയൽ അവസാന നാലിൽ ഇടം നേടിയത്. അധിക സമയം നീണ്ടുനിന്ന ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ വിജയിച്ചത്.
റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ സന്ദർശകരാണ് ആദ്യം ലീഡ് നേടിയത്. 19-ാം മിനിറ്റിൽ അൽവാരോ മൊറാത്തയാണ് അവർക്കായി ഗോൾ നേടിയത്. 79-ാം മിനിറ്റിൽ റോഡ്രിഗോ റയലിനായി ആദ്യ ഗോൾ നേടി. ഇതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു.
ഡിഫൻഡർ സ്റ്റെഫൻ സാവിച്ച് എക്സ്ട്രാ ടൈമിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് അത്ലറ്റിക്കോയ്ക്ക് കിട്ടിയ ആദ്യ തിരിച്ചടി. വൈകാതെ കരീം ബെൻസിമയിലൂടെ റയൽ ലീഡ് നേടി. എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റിൽ വിനീഷ്യസും ഒരു ഗോൾ നേടിയതോടെ റയൽ വിജയം ഉറപ്പിച്ചു.