തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. അജിത് കുമാറിനെതിരെ അന്വേഷണം വേണമെന്ന ഡിജിപിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്.
മുന്‍ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരായ ആരോപണങ്ങളിലും വിജിലന്‍സ് അന്വേഷണം നടത്തും. അന്വേഷണ സംഘാംഗങ്ങളെ നാളെ തീരുമാനിക്കും.
അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളാണ് വിജിലന്‍സിന് കൈമാറണമെന്ന് ഡിജിപി ശുപാര്‍ശ ചെയ്തത്. ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മ്മാണം തുടങ്ങി, അന്‍വര്‍ മൊഴി നല്കിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
അജിത് കുമാറിനെതിരെ ചില അഴിമതി ആരോപണങ്ങൾ ആദ്യം ഉന്നയിച്ച പി വി അൻവർ എംഎൽഎ പിന്നീടു പ്രത്യേക സംഘത്തിനു നൽകിയ മൊഴിയിലാണ് അജിത്തിനെതിരെ അനധികൃത സ്വത്തു സമ്പാദനവും ഉന്നയിച്ചത്. ഈ മൊഴി പരിശോധിച്ച ശേഷമാണ് അതിലെ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിനു ഡിജിപി സർക്കാരിന്റെ അനുമതി തേടിയത്.