
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ പയ്യന്നൂരില്‍ സിപിഎം നേതൃത്വത്തിന് കനത്ത തിരിച്ചടി നൽകി വി കുഞ്ഞികൃഷ്ണന്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന് സിപിഎം സ്ഥാനാര്‍ത്ഥി ടി ഐ മധുസൂദനനെ 7487 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കുഞ്ഞികൃഷ്ണന്റെ ജയം. സിപിഎം കോട്ടകളായ പഞ്ചായത്തുകളില്‍ അടക്കം വോട്ടുനേടിയാണ് സിപിഎം വിമതനായ കുഞ്ഞികൃഷ്ണന് വിജയിച്ചത്.
ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ പയ്യന്നൂരില്‍, യുഡിഎഫ് തരംഗം ആഞ്ഞുവീശിയ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോലും പതിനായിരത്തിന് മുകളില്‍ എല്‍ഡിഎഫിന് ലീഡ് സമ്മാനിച്ചിരുന്നു. ഇവിടെയാണ് സിപിഎമ്മിന്റെ മധുസൂദനന്റെ ഞെട്ടിക്കുന്ന തോല്‍വി. എംഎൽഎ ടി ഐ മധുസൂദനനെതിരെ വി കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണമാണ് പയ്യന്നൂരിൽ സിപിഎമ്മിനെ പിടിച്ചുകുലുക്കിയത്. എന്നാൽ ആരോപണ വിധേയനായ ടി ഐ മധുസൂദനനെ തന്നെ പയ്യന്നൂരിൽ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ചു. ഇതോടെയാണ് കുഞ്ഞികൃഷ്ണനും മത്സരിക്കാൻ തീരുമാനിക്കുന്നത്. കുഞ്ഞികൃഷ്ണൻ യുഡിഎഫ് സ്വതന്ത്രനായി കളത്തിലിറങ്ങി പാർട്ടിയെ തോൽപ്പിച്ചതോടെ, ചരിത്രത്തിലിതുവരെ നേരിടാത്ത തോൽവിയാണ് സിപിഎം നേരിട്ടത്.


