കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഇരിട്ടിയിലെ നോർത്ത് മലബാർ എജ്യുക്കേഷണൽ സൊസൈറ്റിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി നിക്ഷേപകർ രംഗത്ത്. കോളേജ് ആരംഭിക്കാമെന്ന വാഗ്ദാനം നൽകി ഓഹരികളിലൂടെ വൻതുക സമാഹരിച്ചെങ്കിലും പദ്ധതി നടപ്പാക്കിയില്ലെന്നാണ് ആരോപണം. പിരിച്ചെടുത്ത പണം എങ്ങനെ വിനിയോഗിച്ചുവെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയിട്ടില്ലെന്നും നിക്ഷേപകർ പറയുന്നു.
നേരത്തേ ഉയർന്നുവന്നതും പിന്നീട് ഒത്തുതീർപ്പാക്കിയതുമായ പരാതികളാണ് പാർട്ടിയുമായി അകന്നുനിൽക്കുന്ന ഒരു വിഭാഗം നിക്ഷേപകർ വീണ്ടും മാധ്യമങ്ങൾക്കു മുന്നിൽ ഉന്നയിച്ചത്. ഇരിട്ടിയിലെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ഭാരവാഹികളായി 2015-ലാണ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനം ആരംഭിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനാണ് സൊസൈറ്റിയുടെ പ്രസിഡന്റ്.
പ്രദേശത്ത് പുതിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുമെന്ന് അറിയിച്ചാണ് 1,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെയുള്ള ഓഹരികളായി നിക്ഷേപകരിൽനിന്ന് പണം സമാഹരിച്ചത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കോളേജ് ആരംഭിച്ചിട്ടില്ലെന്നും പിരിച്ചെടുത്ത തുകയുടെ വിനിയോഗം സംബന്ധിച്ച കണക്കുകൾ ബോധ്യപ്പെടുത്തിയിട്ടില്ലെന്നുമാണ് നിക്ഷേപകരുടെ പരാതി.
സാമ്പത്തിക കണക്കുകൾ അവതരിപ്പിക്കാനോ നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കാനോ ഭരണസമിതി ഇതുവരെ ജനറൽ ബോഡി യോഗം വിളിച്ചുചേർത്തിട്ടില്ലെന്നും പരാതിക്കാർ ആരോപിച്ചു.
അതേസമയം, സൊസൈറ്റിക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് ബിനോയ് കുര്യൻ പ്രതികരിച്ചു. കോളേജ് നിർമാണത്തിനായി ഇരിട്ടി നഗരത്തിനുസമീപം 38 സെന്റ് ഭൂമി സൊസൈറ്റിയുടെ പേരിൽ വാങ്ങിയിട്ടുണ്ട്. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും നിലവിലുള്ള തടസ്സങ്ങൾ പരിഹരിച്ച് നിർമാണവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂമി വാങ്ങിയതല്ലാതെ മറ്റ് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാത്ത സാഹചര്യത്തിൽ വരുംദിവസങ്ങളിൽ വിഷയം കൂടുതൽ വിവാദമാകാനാണ് സാധ്യത.

