
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ് ബഹ്റൈൻ) സംഘടിപ്പിച്ച വാർഷിക വേനൽക്കാല ബോധവത്കരണ പരിപാടിയായ ‘തേർസ്റ്റ് ക്വെഞ്ചേഴ്സ്’ സമാപിച്ചു. ഓഗസ്റ്റ് 29 ശനിയാഴ്ച സിത്രയിലെ തൊഴിലിടത്തിൽ നടന്ന സമാപന പരിപാടിയിൽ അഞ്ഞൂറിലധികം തൊഴിലാളികൾ പങ്കെടുത്തു.
കടുത്ത ചൂടുള്ള മാസങ്ങളിൽ ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുന്നതിനുള്ള ബഹ്റൈൻ തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. തൊഴിലാളികൾക്ക് കുപ്പിവെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം, ഐസ്ക്രീം എന്നിവ വിതരണം ചെയ്തു. തൊഴിൽ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ), ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) എന്നിവയുടെ പിന്തുണയും പരിപാടിക്കുണ്ടായിരുന്നു.
തൊഴിൽ മന്ത്രാലയത്തിലെ വർക്കേഴ്സ് വിഭാഗം മേധാവി എൻജിനീയർ ഹുസൈൻ അൽ ഹുസൈനി തൊഴിലാളികളുടെ ക്ഷേമത്തിനായി മന്ത്രാലയം നൽകുന്ന സേവനങ്ങളെയും പിന്തുണയെയും കുറിച്ച് വിശദീകരിച്ചു.

പുറത്തുനിന്ന് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കടുത്ത വേനൽ വലിയ വെല്ലുവിളിയാണെന്ന് ഐസിആർഎഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് പറഞ്ഞു. തൊഴിലാളികൾക്ക് തൽക്ഷണ ആശ്വാസം നൽകുന്നതിനൊപ്പം ശരീരത്തിൽ ആവശ്യമായ ജലാംശം നിലനിർത്തുക, മതിയായ വിശ്രമം ഉറപ്പാക്കുക, ആരോഗ്യ–സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളിൽ അവബോധം സൃഷ്ടിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപാടിയുടെ വിജയത്തിനായി സഹകരിച്ച തൊഴിൽ മന്ത്രാലയം, എൽഎംആർഎ, ഐഒഎം എന്നിവർക്കും ബോഹ്റ സമൂഹം, ഐസിഎഐ ബഹ്റൈൻ ചാപ്റ്റർ, വിദ്യാർഥികൾ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
ഐസിആർഎഫ് ‘തേർസ്റ്റ് ക്വെഞ്ചേഴ്സ്’ പരിപാടി സംഘടിപ്പിക്കുന്ന പതിനൊന്നാമത്തെ വർഷമാണിത്. 2016-ൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി വേനൽക്കാലത്ത് വിവിധ തൊഴിലിടങ്ങളിലെത്തി തൊഴിലാളികൾക്ക് കുടിവെള്ളം, പഴങ്ങൾ, ജ്യൂസ് എന്നിവ വിതരണം ചെയ്യുകയും ആരോഗ്യ–സുരക്ഷാ ബോധവത്കരണം നടത്തുകയും ചെയ്യുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ പദ്ധതിയിലൂടെ 26,000ത്തിലധികം തൊഴിലാളികളിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.
ഈ വർഷം പതിനൊന്ന് പ്രതിവാര പരിപാടികളിലായി 4,500ത്തിലധികം തൊഴിലാളികളിലേക്ക് സേവനം എത്തിച്ചു. ചെമ്പൻ ജലാൽ, രുചി ചക്രവർത്തി എന്നിവരായിരുന്നു ഈ വർഷത്തെ കോ-ഓർഡിനേറ്റർമാർ.
ചെറിയൊരു സംരംഭമായി ആരംഭിച്ച ‘തേർസ്റ്റ് ക്വെഞ്ചേഴ്സ്’ ഓരോ വേനൽക്കാലത്തും ആയിരക്കണക്കിന് തൊഴിലാളികളിലേക്ക് എത്തുന്ന തുടർച്ചയായ സാമൂഹിക സേവന പദ്ധതിയായി വളർന്നതിൽ സന്തോഷമുണ്ടെന്ന് ചെമ്പൻ ജലാൽ പറഞ്ഞു. തൊഴിലാളികൾ പാലിക്കേണ്ട വേനൽക്കാല ആരോഗ്യ–സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ഐസിആർഎഫ് ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ സംസാരിച്ചു.
ഐസിആർഎഫ് വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ഉപദേഷ്ടാവ് അരുൾദാസ് തോമസ്, ജോയിന്റ് സെക്രട്ടറി ജവാദ് പാഷ, ട്രഷറർ ഉദയ് ഷാൻഭാഗ്, സംഘടനാ അംഗങ്ങൾ, വിദ്യാർഥികൾ, സന്നദ്ധപ്രവർത്തകർ എന്നിവർ വിതരണ പരിപാടിയിൽ പങ്കെടുത്തു.
ബോഹ്റ സമൂഹം, ഐസിഎഐ ബഹ്റൈൻ ചാപ്റ്റർ, സയൻസ് ഓഫ് സ്പിരിച്വാലിറ്റി എന്നിവയും നിരവധി സന്നദ്ധപ്രവർത്തകരും ഈ വർഷത്തെ പദ്ധതിക്ക് പിന്തുണ നൽകി.


