
മനാമ: ന്യൂ ഹൊറൈസൺ സ്കൂളിന്റെ ജന്നൂസാൻ ക്യാമ്പസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ജന്നൂസാൻ ക്യാമ്പസിന്റെ ഉദ്ഘാടനം, ഇൻവെസ്റ്റിച്ചർ സെറിമണി, പി.ടി.എ ഇൻസ്റ്റലേഷൻ സെറിമണി, ന്യൂ ഹൊറൈസൺ ഇംഗ്ലീഷ് സ്കൂളിന്റെ ഗ്രാൻഡ് അനാവരണം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു.

സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടർ ലുൽവ ഘസാൻ അൽ മുഹന്ന, ഇന്ത്യൻ എംബസി ചാർജ് ദ് അഫയേഴ്സ് രാജീവ് കുമാർ മിശ്ര, അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജീബൻ വർഗീസ് കുര്യൻ,

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈസൻസിംഗ് ചീഫ് ഹുദ അബ്ദുൽഗഫാർ മുഹമ്മദ് അൽമെർബതി, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ലൈസൻസിംഗ് ഗ്രൂപ്പ് മേധാവി നദ സയ്യിദ് ഖലീൽ അബ്ദുല്ല ഹാഷിം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ന്യൂ ഹൊറൈസൺ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ 27 വർഷത്തെ പ്രവർത്തനമികവ് ആഘോഷിക്കുന്ന വേള കൂടിയായി പരിപാടി മാറി. വിദ്യാഭ്യാസ രംഗത്തെ നേതൃത്വവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനൊപ്പം ന്യൂ ഹൊറൈസൺ ഇംഗ്ലീഷ് സ്കൂളിലൂടെ പുതിയ അധ്യായത്തിനും തുടക്കമായി.

സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവരുടെ സാന്നിധ്യം ചടങ്ങിനെ ശ്രദ്ധേയമാക്കി.

പുതിയ ക്യാമ്പസും പുതിയ വിദ്യാഭ്യാസ സംരംഭവും വിദ്യാർഥികൾക്ക് കൂടുതൽ മികച്ച പഠനാന്തരീക്ഷം ഒരുക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.


