ന്യൂഡൽഹി: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഹ്വാനപ്രകാരം സെപ്റ്റംബർ 28 മുതൽ 30 വരെ ദേശീയ ബാങ്ക് പണിമുടക്ക് നടക്കാനിരിക്കെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പ്രധാനപ്പെട്ട ബാങ്കിംഗ് ഇടപാടുകൾ പണിമുടക്കിന് മുൻപായി പൂർത്തിയാക്കണമെന്ന് എസ്ബിഐ നിർദേശിച്ചു.
മൂന്ന് ദിവസത്തെ പണിമുടക്ക് ബാങ്ക് ശാഖകളിലെ സേവനങ്ങളെ ബാധിക്കാനിടയുള്ളതിനാലാണ് ഉപഭോക്താക്കൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയത്. ശാഖ സന്ദർശനം ആവശ്യമായ ഇടപാടുകൾ, രേഖകൾ സമർപ്പിക്കൽ, ജീവനക്കാരുടെ സഹായം ആവശ്യമായ സേവനങ്ങൾ എന്നിവ സെപ്റ്റംബർ 28ന് മുമ്പ് തീർക്കണമെന്നാണ് നിർദേശം.
സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള സമരം ഒക്ടോബർ 26 മുതൽ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായുള്ള സമരപരിപാടികളുടെ ഭാഗമാണ്. പണിമുടക്ക് ദിവസങ്ങളിൽ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തിവരികയാണെന്ന് എസ്ബിഐ അറിയിച്ചു.
അത്യാവശ്യ ബാങ്കിംഗ് ആവശ്യങ്ങൾക്ക് എടിഎമ്മുകളും സിഎസ്പികളും ഉപയോഗിക്കാമെന്ന് ബാങ്ക് വ്യക്തമാക്കി. പണം പിൻവലിക്കൽ, നിക്ഷേപം തുടങ്ങിയ ആവശ്യങ്ങൾക്ക് എടിഎമ്മുകളും ഓട്ടോമേറ്റഡ് ഡെപ്പോസിറ്റ് ആൻഡ് വിത്ഡ്രോവൽ മെഷീനുകളും ഉപയോഗിക്കണമെന്നും ഉപഭോക്താക്കളോട് എസ്ബിഐ അഭ്യർത്ഥിച്ചു.

