
മനാമ: ലോകമെമ്പാടും ഐതിഹാസിക സോളോ മോട്ടോര്‍ സൈക്കിള്‍ പര്യവേക്ഷണം നടത്തുന്ന 58കാരനായ ഡോ. ശിങ്കാര വടിവേലിനെ ഭാരതി അസോസിയേഷന് ആദരിച്ചു.
ഭാരതി അസോസിയേഷന് ആസ്ഥാനത്ത് സ്വീകരണവും അനുമോദന ചടങ്ങും നടന്നു. അസോസിയേഷന് അംഗങ്ങള്‍, തമിഴ് സമൂഹത്തിലെ പ്രമുഖര്‍, കഴിഞ്ഞ 25 മാസത്തിനിടെ 63 രാജ്യങ്ങള്‍ സഞ്ചരിച്ച മനുഷ്യന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഗള്‍ഫ് ഫെന്‍സിംഗ് ആന്റ് സ്പെഷ്യലിസ്റ്റ്സ് സര്‍ഫേസിംഗ് ജനറല്‍ മാനേജര്‍ പുകളേന്തി നല്ലുസാമി ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റ് ടീമിന്റെ ജനറല്‍ സെക്രട്ടറി രാജ പാണ്ഡ്യന് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഡോ. വടിവേലിന്റെ അസാധാരണ സഹിഷ്ണുതയ്ക്കും മനോബലത്തിനും അംഗീകാരമായി അദ്ദേഹം ഒരു മെമന്റോ സമ്മാനിച്ചു.
എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ഹന്‍സുല്‍ ഗനി സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സുബ്രഹ്മണ്യന് (സുബാഷ്) അതിഥിയെ ഔപചാരികമായി പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖയ്യൂം രചിച്ച അഭിനന്ദന കവിതയുടെ അവതരണം ചടങ്ങിന്റെ ഒരു പ്രധാന ആകര്‍ഷണമായി. സ്പോര്‍ട്സ് സെക്രട്ടറി ശ്രീധര്‍ ശിവ, ഇവന്റ് കോ- ഓര്‍ഡിനേറ്റര്‍മാരായ അരുണ്‍കുമാര്‍ സംബാംഗി, ബാബു, ശക്തിവേല്‍, മറ്റ് മുതിര്‍ന്ന അംഗങ്ങള്‍ എന്നിവര്‍ അതിഥിയെ ആചാരപരമായ ഷാളണിയിച്ചു.
ചോദ്യോത്തര സെഷനോടെയാണ് പരിപാടി അവസാനിച്ചത്. ഭാവി പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോള്‍, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 60 രാജ്യങ്ങള്‍ കൂടി സഞ്ചരിക്കാനും ഒടുവില്‍ ടെക്സസില്‍ തിരിച്ചെത്തിയ ശേഷം യാത്ര അവസാനിപ്പിക്കാനും ഉദ്ദേശിക്കുന്നതായി ഡോ. വടിവേല്‍ പറഞ്ഞു.
സാഹിത്യ സെക്രട്ടറി ഇളയരാജ ബാലസുബ്രഹ്മണ്യന് നന്ദി പറഞ്ഞു.


