ശബരിമല വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തിലെ പൊരുത്തക്കേടുകൾ അന്വേഷിക്കണമെന്ന് ശബരിമല കർമസമിതി ആവശ്യപ്പെട്ടു. പ്രതിദിന ബുക്കിങ് സ്ലോട്ടുകൾ തീർന്നതായി പോർട്ടൽ കാണിക്കുമ്പോഴും അതിനനുസരിച്ചുള്ള ഭക്തജനസാന്നിധ്യം സന്നിധാനത്തില്ലെന്നാണ് സമിതിയുടെ ആരോപണം.
വെർച്വൽ ക്യൂവിൽ സ്ലോട്ട് ലഭിക്കാതെ നിരവധി ഭക്തർ നിരാശരാകുമ്പോൾ, ബുക്ക് ചെയ്തവരിൽ വലിയൊരു വിഭാഗം ദർശനത്തിന് എത്തുന്നില്ലെന്നും സമിതി ചൂണ്ടിക്കാട്ടി. പ്രതിദിനം 20,000 മുതൽ 35,000 വരെ ബുക്ക് ചെയ്തവർ എത്താതിരിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ പറഞ്ഞു. വൃശ്ചികം ഒന്നിന് 58,000ത്തിലധികം ബുക്കിങ് ഉണ്ടായിരുന്നെങ്കിലും 40,000ൽ താഴെ ഭക്തർ മാത്രമാണ് ദർശനത്തിനെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്രക്കാരുടെ എണ്ണം ഉറപ്പാക്കാതെ ടൂർ ഓപ്പറേറ്റർമാരോ ഏജൻസികളോ കൂട്ടമായി സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നുണ്ടോയെന്നും സംവിധാനത്തിൽ കൃത്രിമമോ ദുരുപയോഗമോ നടക്കുന്നുണ്ടോയെന്നും അന്വേഷിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. പോലീസ്, ദേവസ്വം ബോർഡ്, സാങ്കേതിക വിഭാഗം എന്നിവർ ചേർന്ന് സമഗ്ര പരിശോധന നടത്തണമെന്നാണ് ആവശ്യം.
ഉപയോഗിക്കാത്ത സ്ലോട്ടുകൾ മറ്റ് ഭക്തർക്ക് ലഭ്യമാക്കുകയും ബുക്കിങ്, ദർശന കണക്കുകൾ സുതാര്യമായി പ്രസിദ്ധീകരിക്കുകയും വേണമെന്നും സമിതി നിർദേശിച്ചു. സ്പോട്ട് ബുക്കിങ് നിയന്ത്രണങ്ങളും പുനഃപരിശോധിച്ച് യഥാർത്ഥ തീർത്ഥാടകർക്ക് ദർശനാവസരം ഉറപ്പാക്കാൻ സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

