ന്യൂഡൽഹി: കേരള ഹൗസിൽ മുഖ്യമന്ത്രിയെ അനുമതിയില്ലാതെ കാണാൻ ശ്രമിച്ചെന്നാരോപിച്ച് രണ്ട് ജീവനക്കാരോട് വിശദീകരണം തേടി. എന്നാൽ സംഭവത്തിൽ ഇടപെട്ട മുഖ്യമന്ത്രി, ജീവനക്കാർക്കെതിരെ തുടർനടപടികൾ സ്വീകരിക്കരുതെന്ന് റെസിഡന്റ് കമ്മീഷണർക്ക് നിർദേശം നൽകി.
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി മടങ്ങുന്നതിന് മുൻപ് കൊച്ചിൻ ഹൗസിലെ മുറിയിൽ രണ്ട് ജീവനക്കാർ അദ്ദേഹത്തെ സന്ദർശിച്ചതാണ് വിവാദമായത്. മുഖ്യമന്ത്രിക്കായുള്ള ഔദ്യോഗിക ചുമതലയിൽ ഇല്ലാത്ത ജീവനക്കാരായ സിബി ജോസിനും പി.സി. സുരേഷ് കുമാറിനും കേരള ഹൗസ് കൺട്രോളർ മെമ്മോ നൽകി. റെസിഡന്റ് കമ്മീഷണർ പുനീത് കുമാറിന്റെ നിർദേശപ്രകാരമായിരുന്നു നടപടി.
മുഖ്യമന്ത്രി കേരള ഹൗസിലെത്തുമ്പോൾ സുരക്ഷയും തിരക്ക് നിയന്ത്രണവും കണക്കിലെടുത്ത് മുറിക്ക് മുന്നിൽ അനാവശ്യമായി കൂട്ടംകൂടരുതെന്ന് നേരത്തെ നിർദേശം നൽകിയിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. കാരണം കാണിക്കൽ നോട്ടീസിന് ജീവനക്കാർ മറുപടി നൽകിയിരുന്നു. സംഭവം വാർത്തയായതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഇടപെട്ട് തുടർനടപടികൾ നിർത്തിവെക്കാൻ നിർദേശിച്ചത്.

