കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിലെ എട്ടുകോടി രൂപയുടെ കവർച്ചക്കേസിൽ കീഴടങ്ങിയ ബിജെപി നേതാവ് ബാലകൃഷ്ണൻ, കെഎംസിസി അംഗങ്ങളാണ് മോഷണത്തിന് പിന്നിലെന്ന് ആരോപിച്ചു. ജോലി വാഗ്ദാനം ചെയ്താണ് തന്നെ ഖത്തറിലെത്തിച്ചതെന്നും ഇയാൾ പറയുന്നു. ഇന്നലെ കോഴിക്കോട് പൊലീസിലാണ് ബാലകൃഷ്ണൻ കീഴടങ്ങിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇയാൾ ബിജെപി സ്ഥാനാർഥിയായിരുന്നു.
വിദേശത്തേക്ക് പോകുമ്പോൾ മോഷണത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ബാലകൃഷ്ണന്റെ വാദം. വെൽഡറായി ജോലി ചെയ്തിരുന്ന തന്നെ ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് ഷാജി എന്നയാൾ ബന്ധപ്പെട്ടെന്നും ഇയാൾ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. താനും മറ്റ് മൂന്ന് മത്സ്യത്തൊഴിലാളികളും വർക്ക് വിസയിലാണ് ഖത്തറിലെത്തിയത്. അവിടെ എത്തിയശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്ട്രോങ് റൂമും ലോക്കറും തുറക്കാൻ ആവശ്യപ്പെട്ടെന്നും എന്തിനാണ് തങ്ങളെ അവിടെ എത്തിച്ചതെന്ന് അറിയില്ലായിരുന്നുവെന്നും ബാലകൃഷ്ണൻ ആരോപിക്കുന്നു.
സെപ്റ്റംബർ 18നാണ് ഖത്തർ കെഎംസിസി ഓഫീസിൽ കവർച്ച നടന്നത്. റൂം ബോയിയെ കെട്ടിയിട്ടശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്ട്രോങ് റൂം തകർത്ത് പണവുമായി സംഘം കടന്നുകളഞ്ഞെന്നാണ് കേസ്. മോഷണത്തിനായി മാത്രം നാലുപേരെ കേരളത്തിൽനിന്ന് ഖത്തറിലെത്തിച്ചതായും മറ്റ് രണ്ടുപേർക്ക് രാജ്യത്ത് താമസസൗകര്യം ഒരുക്കിയതായും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിനുശേഷം ബാലകൃഷ്ണൻ കേരളത്തിലേക്ക് മടങ്ങിയെന്നും പൊലീസ് പറഞ്ഞു.
ബോംബെ ഷാജി, റാഷി, സാലിഹ്, ഹസൻ, നിസാർ എന്നിവരടക്കം അഞ്ച് പ്രതികൾ ഒളിവിലാണെന്നാണ് വിവരം. ബാലകൃഷ്ണനെ പൊലീസ് ചോദ്യംചെയ്യുകയാണ്. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും ചിലർ വിദേശത്തുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

