
മനാമ: സൽമാനിയ കാനൂ ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജി.എസ്.എസ്.) ബഹ്റൈൻ
സംഘടിപ്പിച്ച പത്തുദിവസത്തെ നവരാത്രി ആഘോഷങ്ങൾ വിജയദശമി ദിനത്തിലെ വിദ്യാരംഭച്ചടങ്ങുകളോടെ സമാപിച്ചു.

സൊസൈറ്റിയിൽ പ്രത്യേകം സജ്ജീകരിച്ച നവരാത്രി മണ്ഡപത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ.

പ്രശസ്ത വ്യവസായിയും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ കെ.ജി. ബാബുരാജൻ കുട്ടികൾക്ക് ഹരിശ്രീ കുറിച്ച് വിദ്യാരംഭത്തിന് നേതൃത്വം നൽകി.

അറിവിന്റെ അക്ഷരമുറ്റത്തേക്ക് ചുവടുവെച്ച കുരുന്നുകൾക്ക് അദ്ദേഹം ആശംസകളും അനുഗ്രഹവും നേർന്നു.

പത്തുദിവസത്തെ ആഘോഷങ്ങളുടെ ഭാഗമായി സൊസൈറ്റി കുടുംബാംഗങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച ശാസ്ത്രീയ നൃത്തവും വിവിധ കലാപരിപാടികളും ചടങ്ങുകൾക്ക് മാറ്റുകൂട്ടി.

സൊസൈറ്റി കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത പരിപാടികൾക്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ നേതൃത്വം നൽകി.

വിദ്യാരംഭം കുറിച്ച എല്ലാ കുരുന്നുകൾക്കും ഭാരവാഹികൾ ആശംസകൾ നേർന്നു.

വെള്ളിയാഴ്ച നടക്കുന്ന എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് ദാനച്ചടങ്ങിൽ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുമെന്നും അറിയിച്ചു.


