
മനാമ: ബഹ്റൈനിലെ ഇന്ത്യൻ നിയുക്ത അംബാസഡറുടെ സ്ഥാനപത്രത്തിന്റെ പകർപ്പ് വിദേശകാര്യമന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സ്വീകരിച്ചു. വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിലായിരുന്നു സ്ഥാനപത്രത്തിന്റെ പകർപ്പ് കൈമാറിയത്.

ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദവും വിവിധ മേഖലകളിൽ വളർന്നുവരുന്ന സഹകരണവും മന്ത്രി ചൂണ്ടിക്കാട്ടി. നയതന്ത്ര ചുമതലകൾ നിർവഹിക്കുന്നതിൽ അംബാസഡർക്ക് വിജയാശംസകൾ നേർന്നു.

ബഹ്റൈനുമായുള്ള സൗഹൃദവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്താനും വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് നിയുക്ത അംബാസഡർ അറിയിച്ചു. ഇരു രാജ്യങ്ങൾക്കും ജനങ്ങൾക്കും പ്രയോജനകരമായ രീതിയിൽ ബന്ധങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ വിഭാഗം മേധാവി അംബാസഡർ സലാഹ് മുഹമ്മദ് ഷഹാബ്, ഏഷ്യ-പസഫിക് കാര്യ വിഭാഗം ആക്ടിങ് മേധാവി അംബാസഡർ മുഹമ്മദ് റാഷിദ് അൽ സുവൈദി എന്നിവർ പങ്കെടുത്തു.


