കൊച്ചി: സംസ്ഥാനത്ത് വലിയ വിവാദമുണ്ടാക്കിയ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ തടയണമെന്ന ആവശ്യമാണ് കോടതി നിരസിച്ചത്.
കേസിൽ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഗസ്റ്റിൻ സഹോദരങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ വാദം അംഗീകരിക്കാതിരുന്ന കോടതി, വിചാരണ നടപടികളുമായി മുന്നോട്ടുപോകുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കി.

അതേസമയം, പ്രതികൾക്കെതിരായ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനായി കേസ് പരിഗണിച്ച ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ നാടകീയ സംഭവങ്ങളുണ്ടായി. പ്രതികളായ മൂന്ന് സഹോദരങ്ങളോടും കോടതിയിൽ നേരിട്ട് ഹാജരാകാൻ നേരത്തെ നിർദേശിച്ചിരുന്നു.
എന്നാൽ കേസ് പരിഗണിച്ചപ്പോൾ പ്രതികളിലൊരാളായ റോജി അഗസ്റ്റിൻ മാത്രമാണ് കോടതിമുറിയിൽ എത്തിയത്. മറ്റു പ്രതികളായ ആന്റോ അഗസ്റ്റിനും ജോസ്കുട്ടി അഗസ്റ്റിനും ഹാജരായില്ല.
മറ്റു പ്രതികൾ എവിടെയെന്ന് കോടതി ചോദിച്ചു. പ്രതികളുടെ നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ മജിസ്ട്രേറ്റ്, “ഇതെന്താ, ആളെ കളിയാക്കുകയാണോ?” എന്ന് രൂക്ഷമായി ചോദിച്ചു. തുടർന്ന് റോജി അഗസ്റ്റിനോട് മാറിനിൽക്കാനും കോടതി ആവശ്യപ്പെട്ടു.

