മനാമ: തൊഴിലാളികൾക്ക് കാര്യക്ഷമമായ വ്യക്തിഗത സാമ്പത്തിക മാനേജ്മെന്റിന് ആവശ്യമായ അറിവും പ്രായോഗിക മാർഗനിർദേശങ്ങളും നൽകുന്നതിനായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ബഹ്റൈനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ICAI) ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി സാമ്പത്തിക അവബോധ ക്ലാസ് സംഘടിപ്പിച്ചു.
2026 ഓഗസ്റ്റ് 16ന് റാസ് സുവൈദിലുള്ള നാസ് കോർപ്പറേഷന്റെ തൊഴിലാളി ക്യാമ്പിൽ നടന്ന സംവേദനാത്മക ശിൽപശാലയിൽ നൂറിലധികം തൊഴിലാളികൾ പങ്കെടുത്തു. തൊഴിലാളികളുടെ പ്രത്യേക സാമ്പത്തിക ആവശ്യങ്ങൾ പരിഗണിച്ചാണ് ക്ലാസ് തയ്യാറാക്കിയത്.
ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കാവുന്ന സാമ്പത്തിക നിർദേശങ്ങൾക്കും തന്ത്രങ്ങൾക്കുമാണ് ശിൽപശാലയിൽ പ്രധാനമായും ഊന്നൽ നൽകിയത്. ബജറ്റ് തയ്യാറാക്കൽ, സമ്പാദ്യം, കടം കൈകാര്യം ചെയ്യൽ, നിക്ഷേപം, ഇൻഷുറൻസ്, വിവിധ രാജ്യങ്ങളിൽ ലഭ്യമായ സമ്പാദ്യ–നിക്ഷേപ പദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ ക്ലാസിൽ വിശദീകരിച്ചു.
തട്ടിപ്പ് ഫോൺ കോളുകൾ, അനധികൃത പണമിടപാടുകാർ, വിവിധ സാമ്പത്തിക തട്ടിപ്പുകൾ, വ്യക്തിഗത–സാമ്പത്തിക വിവരങ്ങൾ പങ്കുവെക്കുന്നതിലെ അപകടസാധ്യതകൾ എന്നിവയെക്കുറിച്ചും തൊഴിലാളികൾക്ക് ബോധവത്കരണം നൽകി. സാമ്പത്തിക ഭീഷണികൾ തിരിച്ചറിയാനും സുരക്ഷിതമായ ഇടപാടുകൾ നടത്താനും സ്വീകരിക്കേണ്ട മുൻകരുതലുകളും ക്ലാസിൽ പങ്കുവെച്ചു.
ICAI ബഹ്റൈൻ ചാപ്റ്റർ ചെയർപേഴ്സൺ സി.എ. വിനോദ് റാത്തി, സി.എ. കൗശലേന്ദ്ര മംഗ്ലുനിയ, സി.എ. അരുൺ കോട്വാനി, സി.എ. അനിമ ജഗദീഷ് എന്നിവർ ചേർന്നാണ് ക്ലാസ് നയിച്ചത്.
തൊഴിലാളികൾക്ക് സാമ്പത്തിക അവബോധം നൽകുന്നതിനായി ICRF ബഹ്റൈനുമായി സഹകരിച്ച ICAI ബഹ്റൈൻ ചാപ്റ്റർ സംഘത്തിന് ICRF വൈസ് ചെയർമാൻ പങ്കജ് നല്ലൂർ നന്ദി അറിയിച്ചു.
അവബോധ ക്ലാസ് സംഘടിപ്പിച്ചതിന് ICRF-നും ICAI ബഹ്റൈൻ ചാപ്റ്ററിനും നാസ് കോർപ്പറേഷനിലെ ഒക്യുപേഷണൽ ഹെൽത്ത് സ്പെഷ്യലിസ്റ്റ് റെജി എബ്രഹാം നന്ദി രേഖപ്പെടുത്തി.

