
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ലഭിച്ച ജീവപര്യന്തം തടവുശിക്ഷ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരി വെച്ചു. തിരുവനന്തപുരം നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചിരുന്ന മീര(16)യെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്.

രണ്ടാം പ്രതിയായ നെടുമങ്ങാട് തെക്കുംകര പറണ്ടോട് കുന്നില്‍ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന മഞ്ജുഷ(38)യ്ക്കും കാമുകനും ഒന്നാം പ്രതിയുമായ കരിപ്പൂര്‍ കാരാന്തല കുരിശടിയിലെ അനീഷി(33)നും തിരുവനന്തപുരം സെഷന്‍സ് കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഏപ്രിൽ 21 ന് ശരി വെച്ചത്. പ്രതികൾ മീരയെ കൊലപ്പെടുത്താന്‍ ആറു മാസം മുമ്പേ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. പ്രണയത്തെ എതിർത്ത മകളെ കൊന്ന് പൊട്ടക്കിണറ്റിലെറിഞ്ഞ ശേഷം ഒളിച്ചോടിയെന്ന കള്ളക്കഥ മെനഞ്ഞ ഇവർ മറ്റുള്ളവരുടെ മുന്നിൽ തങ്ങൾ നിഷ്കളങ്കരാണെന്നു വരുത്തുകയും ചെയ്തു.

പ്രതികൾക്ക് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഇപ്പോൾ ശരി വെച്ചത്. ഇരുവരും സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ നല്കിയ അപ്പീലിന്റെ അടിസ്ഥാനത്തിലാണ് ഈ വിധി.


