
അടുത്ത ആഴ്ച അവസാനിക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുകയോ സമാധാന ചര്‍ച്ചകള്‍ വിജയിക്കുകയോ ചെയ്തില്ലെങ്കില്‍, ഇറാന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്ന ‘സാമ്പത്തിക യുദ്ധം’ ആരംഭിക്കുമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതിര്‍ത്തികളില്‍ ബോംബുകള്‍ വര്‍ഷിക്കുന്നതിന് പകരം ഇറാന്റെ സാമ്പത്തിക സ്രോതസ്സുകള്‍ പൂര്‍ണ്ണമായും കൊട്ടിയടച്ച് രാജ്യത്തെ ശ്വാസം മുട്ടിക്കാനാണ് ട്രംപിന്റെ നീക്കം.
ഇറാനു മേല്‍ ഏര്‍പ്പെടുത്താന്‍ പോകുന്ന സാമ്പത്തിക ഉപരോധങ്ങള്‍ ഒരു ബോംബാക്രമണത്തിന് തുല്യമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കും ഇറാന്റെ പണം സൂക്ഷിക്കുന്ന വിദേശ ബാങ്കുകള്‍ക്കുമെതിരെ ‘സെക്കന്‍ഡറി ഉപരോധം’ ഏര്‍പ്പെടുത്താനാണ് തീരുമാനം. അതായത്, ഇറാനുമായി വ്യാപാരത്തിലേര്‍പ്പെടുന്ന രാജ്യങ്ങളെയും സ്ഥാപനങ്ങളെയും അമേരിക്കയുടെ സാമ്പത്തിക ശൃംഖലയില്‍ നിന്ന് പുറത്താക്കും. ഇതുസംബന്ധിച്ച് ചൈന, ഹോങ്കോങ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് , ഒമാന്‍ എന്നിവിടങ്ങളിലെ ബാങ്കുകള്‍ക്ക് ട്രഷറി വകുപ്പ് കത്തയച്ചു കഴിഞ്ഞു. ഇറാന്റെ നിയമവിരുദ്ധമായ പണമിടപാടുകള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നാണ് കടുത്ത മുന്നറിയിപ്പ്.


