
തൊടുപുഴ: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വിവാദ പരാമർശവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. ഇടുക്കി കഞ്ഞിക്കുഴി മേഖലയിൽ റവന്യൂ ഭൂമി വനംവകുപ്പ് കയ്യേറുന്നുവെന്ന് ആരോപിച്ച് കർഷക സംഘം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
“പൊലീസുകാർ ഞങ്ങൾക്ക് പുല്ലാ… പിന്നെയാ ഫോറസ്റ്റുകാർ. മര്യാദയ്ക്ക് കാര്യങ്ങൾ ചെയ്താൽ മര്യാദയ്ക്ക് നടക്കാം. അല്ലെങ്കിൽ നിയമം കയ്യിലെടുക്കേണ്ടി വരും. ഞങ്ങളുടെ നേരെ ശക്തിപ്രയോഗവുമായി വന്നാൽ അതിനെ നേരിടാൻ ഞങ്ങൾക്കും അറിയാം,” എന്നാണ് എം.എം. മണി പറഞ്ഞത്.
ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും തങ്ങളുടെ അധികാരപരിധി ലംഘിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഞങ്ങളെ ആക്രമിച്ചാൽ തിരിച്ചടിക്കും. ഇത് തമാശയായി കാണേണ്ട കാര്യമല്ല. പോലീസുകാർക്കും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും വീട്ടിൽ കുടുംബമുണ്ട്,” എന്ന പരാമർശവും അദ്ദേഹം നടത്തി.
ഇടുക്കി മകരംപാറ ഫോറസ്റ്റ് ഓഫീസിലേക്ക് കർഷക സംഘം നടത്തിയ മാർച്ചിലായിരുന്നു എം.എം. മണിയുടെ ഈ പ്രസംഗം. റവന്യൂ ഭൂമി വനംവകുപ്പ് അനധികൃതമായി ഏറ്റെടുക്കുകയും ജനങ്ങളെ കുടിയിറക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രസംഗത്തിനിടെ മുഖ്യമന്ത്രി വിഡി സതീശനെ ഉമ്മാക്കി കാണിക്കാൻ ശ്രമിക്കുകയാണെന്നും എം.എം. മണി വിമർശിച്ചു. അതേസമയം, അദ്ദേഹത്തിന്റെ പരാമർശങ്ങൾ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.


