
ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ലോക ചാമ്പ്യൻമാരായ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി. 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.5 ഓവറിൽ 148 റൺസിന് ഓൾ ഔട്ടായി. ഇതോടെ അയർലൻഡ് 34 റൺസിന്റെ ജയം നേടി പരമ്പരയിൽ മുന്നിലെത്തി.
ഇന്ത്യൻ നിരയിൽ അഭിഷേക് ശർമ്മ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 20 പന്തിൽ 50 റൺസെടുത്ത അഭിഷേക് ഇന്ത്യയുടെ ടോപ് സ്കോററായി. ശിവം ദുബെ 25 റൺസും തിലക് വർമ്മ 19 റൺസും അക്ഷർ പട്ടേൽ 15 റൺസും നേടി. എന്നാൽ സഞ്ജു സാംസൺ, ക്യാപ്റ്റനായി അരങ്ങേറിയ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവർ നിരാശപ്പെടുത്തി.
അയർലൻഡിനായി മാത്യു ഹോളാർഡും മാത്യു ഹംഫ്രീസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യൻ വംശജനായ ജയ് മൂന്ദ്ര രണ്ട് വിക്കറ്റ് നേടി നിർണായക പ്രകടനം പുറത്തെടുത്തു. ടി20 ക്രിക്കറ്റിൽ അയർലൻഡിനെതിരെ ഇന്ത്യയുടെ ആദ്യ തോൽവിയെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
183 റൺസ് ലക്ഷ്യത്തിലേക്ക് ഇറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറിൽ സഞ്ജു സാംസണും അഭിഷേക് ശർമ്മയും ചേർന്ന് 16 റൺസ് നേടി വേഗത്തിലുള്ള തുടക്കം നൽകി. എന്നാൽ രണ്ടാം ഓവറിലെ ആദ്യ പന്തിൽ സഞ്ജു സാംസൺ 5 റൺസിന് പുറത്തായതോടെ ഇന്ത്യക്ക് തിരിച്ചടി തുടങ്ങി. പിന്നാലെ ഇഷാൻ കിഷനും 1 റൺസിന് മടങ്ങി.
അഭിഷേക് ശർമ്മയുടെ ആക്രമണ ബാറ്റിങ്ങിൽ ഇന്ത്യ നാലാം ഓവറിൽ തന്നെ 57 റൺസിലെത്തിയെങ്കിലും, പവർ പ്ലേയുടെ അവസാനത്തിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും പുറത്തായതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. 15 പന്തിൽ 46 റൺസ് നേടിയ അഭിഷേക് പവർ പ്ലേയിൽ ഇന്ത്യയുടെ പ്രധാന പ്രതീക്ഷയായിരുന്നു.
എട്ടാം ഓവറിൽ അർധസെഞ്ചുറി തികച്ചതിന് പിന്നാലെ അഭിഷേക് ശർമ്മയും പുറത്തായി. 20 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 50 റൺസെടുത്ത അഭിഷേകിനെ ലിയാം മക്കാർത്തി മടക്കി. തുടർന്ന് തിലക് വർമ്മ ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും 21 പന്തിൽ 19 റൺസെടുത്ത് പുറത്തായി.
മധ്യനിരയിൽ വാഷിംഗ്ടൺ സുന്ദറിനും വലിയ സംഭാവന നൽകാനായില്ല. പിന്നീട് അക്ഷർ പട്ടേൽ–ശിവം ദുബെ സഖ്യം ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ 16-ാം ഓവറിലെ അവസാന പന്തിൽ ശിവം ദുബെയെ ജയ് മൂന്ദ്ര തകർപ്പൻ റിട്ടേൺ ക്യാച്ചിലൂടെ മടക്കിയതോടെ മത്സരം അയർലൻഡിന്റെ നിയന്ത്രണത്തിലായി. പിന്നാലെ അക്ഷർ പട്ടേലും പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അയർലൻഡിന് മികച്ച തുടക്കമല്ല ലഭിച്ചത്. പവർ പ്ലേയിൽ തന്നെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി അയർലൻഡ് 36ന് 3 എന്ന നിലയിലേക്ക് വീണു. എന്നാൽ ഡെലാനിയും ടെക്ടറും ചേർന്ന 64 റൺസ് കൂട്ടുകെട്ട് അയർലൻഡിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
ടെക്ടർ പുറത്തായതിന് ശേഷം ഡെലാനിയും ഡോക്രെലും ചേർന്ന് നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായെങ്കിലും അയർലൻഡ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടി.
പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച നടക്കും.
സ്കോർ:
അയർലൻഡ്: 182/9, 20 ഓവർ
ഇന്ത്യ: 148 ഓൾ ഔട്ട്, 18.5 ഓവർ


