നാഗപട്ടണം: തമിഴ്നാട്ടിലെ നാഗൂർ ദർഗയിൽ നടന്ന ഹൈന്ദവ വിവാഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. മുസ്ലിം പുരോഹിതരുടെ സാന്നിധ്യത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിനെ മതസൗഹാർദത്തിന്റെ മാതൃകയായാണ് നിരവധി പേർ വിശേഷിപ്പിക്കുന്നത്.
മൂന്ന് ഹിന്ദു കുടുംബങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളും ചോറൂണും അന്നേദിവസം ദർഗയിൽ നടന്നതായി ദർഗ കമ്മിറ്റി അറിയിച്ചു. ഇത്തരം ചടങ്ങുകൾ ഇവിടെ പതിവായി നടക്കാറുണ്ടെന്നും കമ്മിറ്റി വ്യക്തമാക്കി.
വേളാങ്കണ്ണി പള്ളിയും നാഗൂർ ദർഗയും ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്ന നാഗപട്ടണത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന്റെ തുടർച്ചയാണ് ഇത്തരം ഒത്തുചേരലുകളെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. പരസ്പര സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഇത്തരം നിമിഷങ്ങൾ അടുത്ത തലമുറയിലേക്ക് പകർന്നുനൽകേണ്ടത് ആവശ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.
ജനങ്ങൾക്കിടയിൽ ഐക്യം നിലനിൽക്കുന്നിടത്തോളം ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് ഇടമുണ്ടാകില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. വിവാഹദൃശ്യങ്ങൾ പ്രചരിച്ചതോടെ ദർഗയുടെ മതസൗഹാർദ സമീപനത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി.

