
മനാമ: ആതിഥേയ രാജ്യമായ ബഹ്റൈനിനോടുള്ള ആദരവും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു. “ഞങ്ങളുണ്ട് കൂടെ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ബഹ്റൈൻ രാജാവിനും രാജ്യത്തിനും പിന്തുണയും കൂറും പ്രഖ്യാപിക്കുന്ന ചടങ്ങാണ് സൽമാനിയ കാനു ഗാർഡനിലെ സൊസൈറ്റി ആസ്ഥാനത്ത് സംഘടിപ്പിച്ചത്.

രാജ്യത്തോടും ഭരണകൂടത്തോടുമുള്ള അചഞ്ചലമായ വിശ്വാസവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. സൊസൈറ്റി രക്ഷാധികാരിയും പ്രമുഖ വ്യവസായിയുമായ കെ.ജി. ബാബുരാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ പ്രവാസികൾക്ക് നൽകുന്ന സുരക്ഷിതവും സൗഹൃദപരവുമായ ജീവിതാന്തരീക്ഷത്തിന് നന്ദിയും ആദരവും രേഖപ്പെടുത്തേണ്ടത് ഓരോ പ്രവാസിയുടെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതം ആശംസിച്ചു. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ പ്രിൻസ് നടരാജൻ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മിഥുൻ മോഹൻ എന്നിവരും ചടങ്ങിൽ പങ്കെടുത്ത് ബഹ്റൈൻ ഭരണാധികാരികൾക്കും ജനങ്ങൾക്കും ഇന്ത്യൻ സമൂഹത്തിന്റെ നന്ദിയും പിന്തുണയും അറിയിച്ചു.

തുടർന്ന് നടന്ന ലോയൽറ്റി പ്ലഡ്ജിൽ സൊസൈറ്റിയിലെ മുതിർന്ന കുടുംബാംഗങ്ങൾ, വനിതാ പ്രതിനിധികൾ, യുവജന പ്രവർത്തകർ, സുഹൃത്തുക്കൾ തുടങ്ങി നിരവധി പേർ പങ്കെടുത്ത് രാജ്യത്തോടുള്ള കൂറും ഐക്യദാർഢ്യവും രേഖപ്പെടുത്തി. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികളും ചടങ്ങിൽ സാന്നിധ്യമറിയിച്ചു.

ബഹ്റൈനും ഇന്ത്യൻ സമൂഹവും തമ്മിൽ നിലനിൽക്കുന്ന ദീർഘകാല സൗഹൃദബന്ധം കൂടുതൽ ദൃഢമാക്കുക, ആതിഥേയ രാജ്യത്തിന്റെ വികസന യാത്രയിൽ പ്രവാസി സമൂഹത്തിന്റെ പിന്തുണ ആവർത്തിച്ച് വ്യക്തമാക്കുക, രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും ഐക്യത്തോടെ നിലകൊള്ളുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.
ബഹ്റൈൻ വർഷങ്ങളായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ ഹൃദയപൂർവം സ്വീകരിക്കുകയും മികച്ച തൊഴിൽ-ജീവിത സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യുന്ന രാജ്യമാണ്. ബഹ്റൈന്റെ സമാധാനത്തിനും സുരക്ഷയ്ക്കും ക്ഷേമത്തിനും പുരോഗതിക്കും ഒപ്പം നിലകൊള്ളുമെന്ന പ്രവാസി സമൂഹത്തിന്റെ ഉറച്ച സന്ദേശമാണ് “ഞങ്ങളുണ്ട് കൂടെ” എന്ന പരിപാടിയിലൂടെ ഗുരുദേവ സോഷ്യൽ സൊസൈറ്റി ഉയർത്തിക്കാട്ടിയത്.


