
മനാമ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി ബാലികയെ വശീകരിച്ച് ചൂഷണം ചെയ്ത കേസിൽ 22 വയസ്സുകാരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള സൈബർ സ്പേസിലെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് അറസ്റ്റ് നടപടികൾ സ്വീകരിക്കുകയായിരുന്നു.
പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കിയതായും അധികൃതർ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ അപരിചിതരുമായി കുട്ടികൾ ഇടപെടുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് യൂണിറ്റ് മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരീക്ഷിക്കണമെന്നും, അപരിചിതർക്ക് ഫോട്ടോകളോ വ്യക്തിഗത വിവരങ്ങളോ പങ്കുവെക്കരുതെന്ന് കുട്ടികളെ ബോധവൽക്കരിക്കണമെന്നും അധികൃതർ നിർദേശിച്ചു.
സംശയാസ്പദമായ ഓൺലൈൻ ബന്ധപ്പെടലുകളോ വശീകരണശ്രമങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അഭ്യർത്ഥിച്ചു.


