
കൊൽക്കത്ത: കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസിന്റെ എച്ച്.ഡി.എഫ്.സി ബാങ്കിലുള്ള 440.42 കോടി രൂപയുടെ നിക്ഷേപം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. കെയർവെൽ ഗ്രൂപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇ.ഡിയുടെ കൊൽക്കത്ത യൂണിറ്റ് നടപടി സ്വീകരിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കൊൽക്കത്ത ആസ്ഥാനമായി ഏവിയേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന കെയർവെൽ ഗ്രൂപ്പ് കമ്പനികളിൽ ഇ.ഡി നടത്തിയ പരിശോധനകൾക്ക് പിന്നാലെയാണ് നടപടി. ടിഎംസിയുടെ ഫണ്ട് ഉപയോഗിച്ച് വിമാനങ്ങളും ഹെലികോപ്റ്ററുകളും വാങ്ങുകയും പിന്നീട് അവ പാർട്ടിയുടെ ആവശ്യങ്ങൾക്കായി തന്നെ വാടകയ്ക്ക് നൽകിയതായുമാണ് അന്വേഷണ ഏജൻസിയുടെ സംശയം.
2023 ഏപ്രിൽ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഏകദേശം 160 കോടി രൂപ കെയർവെൽ ഏവിയേഷനും അനുബന്ധ സ്ഥാപനങ്ങൾക്കും കൈമാറിയതായി ഇ.ഡി കണ്ടെത്തിയെന്നാണ് വിവരം. ഈ തുകയിൽ നിന്ന് 82.96 കോടി രൂപ പുതുതായി രൂപീകരിച്ച മറ്റൊരു ഷെൽ കമ്പനിയിലേക്ക് മാറ്റിയതായും അന്വേഷണസംഘം ആരോപിക്കുന്നു.
ആകെ 112 കോടി രൂപ ചെലവഴിച്ച് ഒരു എംബ്രായർ ലെഗസി 600 വിമാനവും അഗസ്റ്റ 109 ഗ്രാൻഡ് ന്യൂ ഹെലികോപ്റ്ററും വാങ്ങിയതായി ഇ.ഡി ചൂണ്ടിക്കാട്ടുന്നു. ഹെലികോപ്റ്റർ വാങ്ങുന്നതിനായി കേമാൻ ഐലൻഡ്സ് ആസ്ഥാനമായ വിദേശ കമ്പനിയിൽ നിന്ന് 1.7 മില്യൺ ഡോളർ ഈട് രഹിത വായ്പയായി ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. പിന്നീട് ഈ വിമാനവും ഹെലികോപ്റ്ററും തൃണമൂൽ കോൺഗ്രസിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്നാണ് ആരോപണം.
തൃണമൂൽ കോൺഗ്രസിലെ വിമത നേതാക്കൾ പാർട്ടി ഫണ്ടിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇ.ഡിയുടെ നീക്കം. വിമത വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും, പിന്നീട് ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണം ആരംഭിക്കുകയായിരുന്നു.
അതേസമയം, ഇ.ഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതവും അന്യായവുമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പാർട്ടിയുടെ ഫണ്ടുകൾ പൂർണ്ണമായും നിയമപരവും സുതാര്യവുമാണെന്നും, ലഭിച്ച എല്ലാ സംഭാവനകളുടെയും വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനും ഇൻകം ടാക്സ് വകുപ്പിനും സമർപ്പിച്ചിട്ടുണ്ടെന്നും ടിഎംസി വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ ബിജെപി സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.


