തിരുവനന്തപുരം: കേരള കോൺഗ്രസ് (സ്കറിയ) നേതാവ് കോരാണി സനിലിന്റെ (65) മരണം മർദനത്തെ തുടർന്നാണെന്ന് പൊലീസ്. സംഭവത്തിൽ മകൻ ബാലഗോപാലിനെ (34) ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്പ് കട്ടിലിൽനിന്ന് വീണ് പരിക്കേറ്റെന്നു പറഞ്ഞാണ് സനിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ചികിത്സയിലിരിക്കെ അദ്ദേഹം മരിച്ചു. മരണത്തിൽ സംശയം പ്രകടിപ്പിച്ച് സനിൽ അംഗമായ ഹോട്ടൽ അസോസിയേഷന്റെ പ്രവർത്തകർ പൊലീസിനെ സമീപിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.
ആറ്റിങ്ങൽ പാലസ് റോഡിലെ ശ്രീലക്ഷ്മി വീട്ടിൽ മകനോടൊപ്പം വാടകയ്ക്കായിരുന്നു സനിൽ താമസിച്ചിരുന്നത്. വീട്ടിൽ അബോധാവസ്ഥയിൽ കിടന്ന സനിലിനെ വീട്ടുജോലിക്കാരി കണ്ടതിനെത്തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. താമസസ്ഥലത്ത് വീണ് ഗുരുതരമായി പരിക്കേറ്റെന്നായിരുന്നു ആശുപത്രിയിൽ നൽകിയ വിവരം. സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലും വീട്ടുജോലിക്കാരിയുടെ മൊഴിയിലും സംഭവത്തിൽ ദുരൂഹത കണ്ടെത്തിയതോടെ പൊലീസ് കേസെടുത്തു. ആശുപത്രിയിൽ സനിലിനൊപ്പം ഉണ്ടായിരുന്ന ബാലഗോപാലിനെ, സനിലിന്റെ മരണവിവരം ലഭിച്ചതിനു പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മർദനത്തിൽ ഉണ്ടായ പരിക്കുകളാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതിനെത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചനയെന്ന് പൊലീസ് അറിയിച്ചു. സനിലിന്റെ തലയുടെ വലതുഭാഗത്ത് ഗുരുതരമായി പരിക്കേറ്റിരുന്നു. അഞ്ച് വാരിയെല്ലുകൾ ഒടിഞ്ഞതായും കഴുത്തിന് പരിക്കേറ്റതായും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ താമസസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

