വാഷിങ്ടൺ : അമേരിക്കയിലെ വംശീയവെറിയും വിവേചനങ്ങളും അവസാനിപ്പിക്കാൻ ലക്ഷ്യം വെക്കുന്ന നിയമനിർമാണങ്ങൾക്ക് അനുമതി നൽകി പ്രസിഡന്റ് ജോ ബെഡൻ . നാളുകളായി അമേരിക്ക നേരിടുന്ന വംശീയതയെ ഉന്മൂലനം ചെയ്യും എന്ന് നേരത്തെ അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു . ഇത് നടപ്പിലാക്കുന്നതിന്റെ ആദ്യപടിയായി ഉത്തരവിൽ ബൈഡൻ ഒപ്പുവെക്കുകയായിരുന്നു . കഴിഞ്ഞ മെയിൽ മിനിയാപൊളിസിൽ വർഗ്ഗവെറിക്ക് ഇരയായി ജോർജ് ഫ്ളോയിഡ് കൊല്ലപ്പെട്ടതിനെ തുടർന്ന് ബൈഡൻ രൂക്ഷമായി പ്രതികരിച്ചിരുന്നു .
ഈ കൊലപാതകം , നീതിയുടെ കഴുത്തിൽ കാൽമുട്ട് വെച്ചതിന് തുല്യമാണെന്നാണ് ബെഡൻ വിമർശിച്ചത് . വംശീയവെറി മാത്രമല്ല , അമേരിക്ക നേരിടുന്ന സമസ്ത മേഖലകളിലെയും വിവേചനങ്ങൾക്ക് അവസാനം കുറിക്കുക കൂടിയാണ് ബൈഡന്റെ ലക്ഷ്യം .
അമേരിക്കയുടെ രൂപീകരണത്തിന്റെ അടിസ്ഥാന തത്വം തന്നെ എല്ലാവരും തുല്യരാണ് എന്നതാണെന്നും , എന്നാൽ അതിലേക്ക് എത്താൻ അമേരിക്കൻ ജനതക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസിൽ പുതിയ നിയമനിർമാണങ്ങൾ പരിഗണിക്കവൈ ബൈഡൻ വ്യക്തമാക്കി .