മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബുമായി റിഫ പാലസിൽ കൂടിക്കാഴ്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ദീർഘകാല ബന്ധങ്ങളും തന്ത്രപരമായ പങ്കാളിത്തവും പ്രധാനമന്ത്രി അനുസ്മരിച്ചു.
വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർധിച്ചിട്ടുണ്ട്. നയതന്ത്ര നേട്ടങ്ങളും ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള സംയുക്ത സഹകരണവും ഇരു രാജ്യങ്ങൾക്കും അവരുടെ ജനങ്ങൾക്കും പ്രയോജനപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു. അംബാസഡറെ സ്വാഗതം ചെയ്യുകയും അദ്ദേഹത്തിന് വിജയം ആശംസിക്കുകയും ചെയ്തു. രാജ്യത്തിന്റെ സമഗ്രമായ വികസനത്തെ പിന്തുണയ്ക്കുന്നതിൽ ഇന്ത്യൻ സമൂഹത്തിന്റെ പങ്ക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.