- നിയമവിരുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും
- ഗുദൈബിയയില്‍ 4,700 ദിനാര്‍ കവര്‍ച്ച: മൂന്നു പേര് അറസ്റ്റില്‍
- അഞ്ചു കിലോഗ്രാമിലധികം മയക്കുമരുന്നുമായി അറബ് പൗരന് അറസ്റ്റില്‍
- തുര്‍ക്കിയിലെ സ്കൂളില്‍ വെടിവെപ്പ്: ബഹ്റൈന്‍ അനുശോചിച്ചു
- തടവുകാരന്റെ മരണം: പ്രതിയെ വിചാരണയ്ക്ക് വിട്ടു
- കോഴിക്കോട് തിരുവണ്ണൂർ ഗോപിനാഥൻ നായർ നിര്യാതനായി
- കുരുക്ഷേത്ര എൻഐടിയിൽ വീണ്ടും ആത്മഹത്യ; ക്യാംപസിൽ വിദ്യാർഥി പ്രതിഷേധം…മെയ് 4 വരെ അവധി പ്രഖാപിച്ചു
- ബഹ്റൈൻ പ്രവാസിയുടെ അമ്മ നിര്യാതയായി
Author: news editor
മനാമ: ബഹ്റൈനില്‍ വ്യവസായ- വാണിജ്യ മന്ത്രാലയവും ഐക്യരാഷ്ട്രസഭയുടെ വ്യാവസായിക വികസന സംഘടനയും (യൂനിഡോ) സംയുക്തമായി പ്രോസ്തെറ്റിക്സ് നിര്‍മ്മാണത്തിനും പുനരധിവാസത്തിനുമായി ഒരു പ്രാദേശിക മികവിന്റെ കേന്ദ്രം സ്ഥാപിക്കും. ഇതു സംബന്ധിച്ച സംയുക്ത പ്രഖ്യാപനത്തില്‍ മന്ത്രാലയവും യൂനിഡോയും ഒപ്പുവെച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന, അന്താരാഷ്ട്ര നയരൂപീകരണക്കാര്‍, നിക്ഷേപകര്‍, സംരംഭകര്‍ എന്നിവര്‍ പങ്കെടുത്ത വേള്‍ഡ് ഫോറം ഓണ്‍ എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് ഇന്‍വെസ്റ്റ്മെന്റിലാണ് (2026) പ്രഖ്യാപനമുണ്ടായത്.വ്യാവസായിക മേഖലാ നയത്തിന് (2022- 2026) അനുസൃതമായി പ്രത്യേകവും ഉയര്‍ന്ന മൂല്യവര്‍ധിതവുമായ വ്യവസായങ്ങളുടെ, പ്രത്യേകിച്ച് നൂതന മെഡിക്കല്‍ ഉപകണങ്ങളുടെ നിര്‍മ്മാണത്തിന്റെ വികസനത്തെ പിന്തുണയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത് സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും വ്യാവസായിക മൂല്യ ശൃംഖലകളെ ശക്തിപ്പെടുത്താനും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ ബഹ്റൈന്റെ വ്യാവസായിക മേഖലയുടെ മത്സരശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
കുവൈത്ത്: ഒക്ടോബറില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ടൂറിസം ഇന്‍വെസ്റ്റ്മെന്റ് ഫോറത്തിന് (ഐ.ടി.ഐ.എഫ്. 2026) ആതിഥേയത്വം വഹിക്കാന്‍ ബഹ്റൈന്‍ തിരഞ്ഞെടുക്കപ്പെട്ടതായി ടൂറിസം മന്ത്രിയും ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) ബോര്‍ഡ് ചെയര്‍പേഴ്സണുമായ ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫി അറിയിച്ചു.യു.എന്‍. ടൂറിസം റീജിയണല്‍ കമ്മീഷന് ഫോര്‍ ദി മിഡില്‍ ഈസ്റ്റിന്റെ 52ാമത് യോഗത്തിന്റെയും കുവൈത്തില്‍ നടക്കുന്ന ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ടൂറിസം പ്രോത്സാഹിപ്പിക്കല്‍’ എന്ന സമ്മേളനത്തിന്റെയും ഭാഗമായി 2026- 2029 കാലയളവിലേക്കുള്ള യു.എന്‍. ടൂറിസം സെക്രട്ടറി ജനറല്‍ ശൈഖ നാസര്‍ അല്‍ നൊവൈസുമായി മന്ത്രി ഒരു കൂടിക്കാഴ്ച നടത്തി.സഹകരണം ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച ചെയ്തു. ഫോറത്തിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അവര്‍ അവലോകനം ചെയ്തു.ബഹ്റൈനില്‍ ആദ്യമായി ഐ.ടി.ഐ.എഫ്. നടക്കുന്നത് ടൂറിസം മേഖല വികസിപ്പിക്കുന്നതില്‍ ഒരു പ്രധാന നാഴികക്കല്ലാണെന്ന് അല്‍ സൈറാഫി പറഞ്ഞു.
മനാമ: ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് എക്സിബിഷന്റെ അമ്പത്തിരണ്ടാം പതിപ്പ് ഫെബ്രുവരി 15ന് ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ ആരംഭിക്കും.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് (ബി.എ.സി.എ) ആണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.ബഹ്റൈനിലെ ഫൈന്‍ ആര്‍ട്സ് പ്രസ്ഥാനത്തിന്റെ പാതയില്‍ ഗുണപരമായ മാറ്റത്തിന് കാരണമായി ഉയര്‍ന്നുവരുന്ന ദൃശ്യാനുഭവങ്ങള്‍, സമകാലിക ആവിഷ്കാരങ്ങള്‍ എന്നിവയുണ്ടാകും. എഴുപതിലധികം കലാകാരര്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.ദൃശ്യകലകളിലെ വ്യതിരിക്തമായ ശൈലികളും നൂതന സാങ്കേതിക വിദ്യകളും പ്രദര്‍ശിപ്പിക്കുന്നു പെയിന്റിംഗ്, ശില്പം, ഫോട്ടോഗ്രാഫി, ഡിജിറ്റല്‍ ആര്‍ട്ട്, ഇന്സ്റ്റലേഷന് ആര്‍ട്ട് എന്നിവ പ്രദര്‍ശനത്തിന് മാറ്റുകൂട്ടും.
മനാമ: മക്കാന് ആര്‍ട്ട് ഗാലറിയുമായി സഹകരിച്ച് ചൈല്‍ഡ് ആന്റ് മദര്‍ വെല്‍ഫെയര്‍ അസോസിയേഷന് സംഘടിപ്പിച്ച പാം പേപ്പര്‍ എക്സിബിഷന് 6 ഉദ്ഘാടനം ചെയ്തു.ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) ചീഫ് എക്സിക്യൂട്ടീവ് സാറ അഹമ്മദ് ബുഹെജ്ജിയുടെയും കലാപ്രേമികളുടെയും അനുബന്ധ സ്ഥാപന പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.ദേശീയ പൈതൃകവും പരമ്പരാഗത കരകൗശല വസ്തുക്കളും ആഘോഷിക്കുന്ന പരിപാടികള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ബുഹെജ്ജി പറഞ്ഞു. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന ഈന്തപ്പനയോലയില്നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സമകാലിക കലാസൃഷ്ടികള്‍ നടത്തിയ ബഹ്റൈനി കലാകാരരുടെയും അന്താരാഷ്ട്ര ബാക്കലറിയേറ്റ് പ്രോഗ്രാമുകളിലെ വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം അഭിമാനകരമാണെന്നും അവര്‍ പറഞ്ഞു.പുനരുപയോഗിച്ച പേപ്പര്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, കലയില്‍ പ്രകൃതിദത്ത വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, യുവാക്കള്‍ക്കിടയില്‍ പരിസ്ഥിതി അവബോധവും സര്‍ഗാത്മകതയും വര്‍ധിപ്പിക്കുക എന്നിവയാണ് പ്രദര്‍ശനത്തിന്റെ ആറാമത് പതിപ്പിന്റെ ലക്ഷ്യമെന്ന് ചൈല്‍ഡ് ആന്റ് മദര്‍ വെല്‍ഫെയര്‍ അസോസിയേഷന് ചെയര്‍പേഴ്സണ്‍ ശൈഖ ഹിന്ദ് ബിന്ത് സല്മാന് അല്‍ ഖലീഫ പറഞ്ഞു.
മനാമ: ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എ.ആര്.എ) ഫെബ്രുവരി 1 മുതല്‍ 7 വരെ നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി രാജ്യത്ത് ജോലി ചെയ്യുന്നവരെന്ന് കണ്ടെത്തിയ വിദേശികളായ 93 തൊഴിലാളികളെ നാടുകടത്തി.1,596 പരിശോധനകളാണ് ഈ കാലയളവില്‍ നടന്നത്. നിയമലംഘകരും ക്രമരഹിതരുമായ 18 തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും അവയില്‍ നിയമ നടപടികള്‍ സ്വീകരിച്ചതായും എല്‍.എ.ആര്.എ. അറിയിച്ചു.
മനാമ: ബഹ്റൈനില്‍ റോയല്‍ മെഡിക്കല്‍ സര്‍വീസസിന്റെ (ആര്.എം.എസ്) എമര്‍ജന്‍സി മെഡിസിന് കെട്ടിടം, ഐസൊലേഷന്‍ വാര്‍ഡ്, ഓപ്പണ്‍ മാഗ്നറ്റിക് റെസൊണന്‍സ് ഇമേജിംഗ് കെട്ടിടം എന്നിവ ഉദ്ഘാടനം ചെയ്തു.സായുധ സേനയുടെ സുപ്രീം കമാന്‍ഡറായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ബഹ്റൈന്‍ പ്രതിരോധ സേന ആശുപത്രിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ രാജാവ് നിയോഗിച്ചതനുസരിച്ച് ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫ, പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ബിന്‍ ഹസ്സന് അല്‍ നുഐമി എന്നിവര്‍ പങ്കെടുത്തു.ബി.ഡി.എഫ്. സ്ഥാപിതമായതിന്റെ 58ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചായിരുന്നു ഈ പരിപാടി.എമര്‍ജന്‍സി മെഡിസിന് കെട്ടിടം, ഐസൊലേഷന്‍ വാര്‍ഡ്, ഓപ്പണ്‍ എംആര്‍ഐ കെട്ടിടം എന്നിവ നുഐമി സന്ദര്‍ശിച്ചു.ഈ സുപ്രധാന മെഡിക്കല്‍ പദ്ധതികള്‍, പ്രത്യേകിച്ച് ഓപ്പണ്‍ എം.ആര്.ഐ. ഉപകരണം രോഗനിര്‍ണയ സേവനങ്ങളിലെ ഗുണപരമായ കുതിച്ചുചാട്ടത്തെ പ്രതിനിധീകരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
മനാമ: ബഹ്റൈനിലെ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റിലെ ഒരു പ്രധാന കവലയില്‍ കാര്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു.ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കില്‍നിന്ന് പബ്ലിക് പ്രോസിക്യൂഷന് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. തുടര്‍ന്ന് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചു ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതിയെ കസ്റ്റഡിയില്‍ വിടാന്‍ പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിട്ടു.
മനാമ: റമദാനില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ റോട്ടറി ക്ലബ് ഓഫ് മനാമ 5,000 പുനരുപയോഗിക്കാവുന്ന കോട്ടണ്‍ സഞ്ചികള്‍ വിതരണം ചെയ്യും.റോട്ടറി ക്ലബ്ബ് റമദാനില്‍ ആരംഭിക്കുന്ന മൂന്നു മാസക്കാലത്തെ ‘ഇംപാക്ട് ഫോര്‍ ഗുഡ്’ എന്ന കാമ്പയിനിന്റെ ഭാഗമായാണിത്. സൂപ്പര്‍ മാര്‍ക്കറ്റുകളുടെ കവാടങ്ങളില്‍ സഞ്ചികള്‍ വിതരണം ചെയ്യും.ദീര്‍ഘകാല ശീലങ്ങളില്‍ മാറ്റം വരുത്തി പുനരുപയോഗിക്കാവുന്ന സഞ്ചികളുടെ ഉപയോഗം ജനങ്ങളെ ശീലിപ്പിക്കാനും പരിസ്ഥിതിയോടുള്ള കൂട്ടായ ഉത്തരവാദിത്വത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ കാമ്പയിന് ആരംഭിച്ചതെന്ന് റോട്ടറി ക്ലബ് ഓഫ് മനാമ പ്രസിഡന്റ് റോബര്‍ട്ട് ടിമ്മേഴ്സ് പറഞ്ഞു.
ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത മൂടല്‍മഞ്ഞ്; സര്‍വീസുകള്‍ തടസ്സപ്പെട്ടു
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ കനത്ത മൂടല്‍മഞ്ഞ് കാരണം നിരവധി വിമാന സര്‍വീസുകള്‍ വൈകി. ചില സര്‍വീസുകള്‍ തിരിച്ചുവിട്ടു.മൂടല്‍മഞ്ഞ് മൂലം കാഴ്ച ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് ആഗോള ഫ്ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ളൈറ്റ് റഡാര്‍ റിപ്പോര്‍ട്ട് ചെയ്തു. ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ദോഹയിലെ ഹമദ് വിമാനത്താവളത്തിലേക്കുമാണ് സര്‍വീസുകള്‍ തിരിച്ചുവിട്ടത്.ലണ്ടന്‍, കുവൈത്ത്, റിയാദ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നുള്ള വിമാനങ്ങളാണ് വൈകിയത്. പിന്നീട് കാലാവസ്ഥ മെച്ചപ്പെട്ടു. ക്രമേണ വിമാന സര്‍വീസ് സാധാരണ നിലയിലായി.
മനാമ: ബഹ്റൈന്‍ ഫെബ്രുവരി നാലിന് ദേശീയ പരിസ്ഥിതി ദിനം ആഘോഷിച്ചു.പരിസ്ഥിതി സംരക്ഷണത്തില്‍ 2025ല്‍ വലിയ മുന്നേറ്റമാണുണ്ടായതെന്ന് ദിനാഘോഷത്തോടനുബന്ധിച്ചുള്ള പ്രസ്താവനയില്‍ മുനിസിപ്പാലിറ്റി, കൃഷികാര്യ മന്ത്രി എന്‍ജിനീയര്‍ വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്ക് പറഞ്ഞു. 2025ല്‍ മാത്രം 2.4 ദശലക്ഷം വൃക്ഷങ്ങളാണ് രാജ്യത്ത് നട്ടുപിടിപ്പിച്ചത്. 2035 ആകുമ്പോഴേക്കും 3.6 ദശലക്ഷം വൃക്ഷങ്ങളാണ് നട്ടുപിടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിലും വന്‍ പുരോഗതിയുണ്ടായി. പരിസ്ഥിതി സംരക്ഷണത്തില്‍ കണ്ടല്‍ക്കാടുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള അവബോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
