- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
Author: News Desk
കറാച്ചി: പാകിസ്ഥാനിൽ ഭക്ഷ്യ, ശുദ്ധജല ക്ഷാമം രൂക്ഷം. പെഷവാറിൽ സൗജന്യ ധാന്യ വിതരണത്തിനെത്തിയ ട്രക്കുകൾ തടഞ്ഞുനിർത്തി ആളുകൾ ചാക്കുകൾ ഉൾപ്പെടെ എടുത്തുകൊണ്ടുപോകുന്ന ദൃശ്യം ഇതിനകം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. മണിക്കൂറുകളോളം കാത്തിരുന്നിട്ടും റേഷൻ കിട്ടാത്തവർ ദേശീയപാത ഉപരോധിച്ചു. പഞ്ചാബ് പ്രവിശ്യയിൽ സർക്കാർ വിതരണം ചെയ്ത സൗജന്യ ഭക്ഷ്യവസ്തുക്കൾ വാങ്ങാനെത്തിയവർ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടതായും വാർത്തകളുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി സ്ത്രീകളടക്കം 11 പേരാണ് മരിച്ചത്. ഫാസിലബാദ്, മുള്‍ട്ടന്‍ പ്രദേശങ്ങളിൽ തിക്കിലും തിരക്കിലും പെട്ട് 60 പേർക്ക് പരിക്കേറ്റു. ധാന്യ ചാക്കുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടെ ആളുകൾ പരസ്പരം ഏറ്റുമുട്ടുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. പഞ്ചാബ് പ്രവിശ്യയിലെ അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത്, സൗജന്യ ധാന്യങ്ങളുടെ വിതരണത്തിനുള്ള സമയം നിശ്ചയിച്ചിരുന്നുവെങ്കിലും വലിയ ജനക്കൂട്ടം എത്തുകയായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സൈന്യത്തിന്‍റെ ഇടപെടലിനെതിരെയും പ്രതിഷേധം ശക്തമാണ്. ജലക്ഷാമം പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഭക്ഷ്യക്ഷാമം പരിഹരിക്കാൻ പാകിസ്ഥാൻ സർക്കാർ അന്താരാഷ്ട്ര ഇടപെടലും ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: നെടുമങ്ങാട് വിവാഹാഭ്യർത്ഥന നിരസിച്ചതിന് സൂര്യഗായത്രി എന്ന പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അരുൺ കുറ്റക്കാരനാണെന്ന് കോടതി. കേസിൽ നാളെ വിധി പറയും. നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി സൂര്യ ഗായത്രിയെയാണ് സുഹൃത്ത് അരുൺ കുത്തിക്കൊന്നത്. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്. ഭിന്നശേഷിക്കാരും നിസ്സഹായരുമായ മാതാപിതാക്കളുടെ മുന്നിൽ വെച്ചാണ് 20 കാരിയായ മകളെ 33 തവണ കുത്തി കൊലപ്പെടുത്തിയത്. അമ്മ വത്സലയ്ക്കും അച്ഛൻ ശിവദാസനുമൊപ്പം സൂര്യഗായത്രി വീടിനുള്ളിൽ ഇരിക്കുകയായിരുന്നു. ശബ്ദം കേട്ട് ഗായത്രിയും അച്ഛൻ ശിവദാസനും പുറത്തിറങ്ങി. പിൻവാതിലിലൂടെ അകത്തുകയറിയ അരുൺ വീടിനുള്ളിൽ ഒളിച്ചു. പിന്നാലെ അകത്ത് കയറിയ സൂര്യയെ അരുൺ കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് ശിവദാസനെ മർദ്ദിക്കുകയും ചെയ്തു. വീടിന് മുന്നിൽ ഇരിക്കുകയായിരുന്ന ഭിന്നശേഷിക്കാരിയായ അമ്മ മകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അരുൺ അമ്മയെയും ആക്രമിച്ചു. സൂര്യഗായത്രി വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍റെ വാദം.
തിരുവല്ല: പ്രായമായവർ മാത്രം താമസിക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന ബിബിസിയുടെ റിപ്പോർട്ടിനെതിരെ വൻ പ്രതിഷേധം. പത്തനംതിട്ട കുമ്പനാട് കേന്ദ്രീകരിച്ച് തയ്യാറാക്കിയ വാർത്ത കഴിഞ്ഞ ദിവസമാണ് ബിബിസി പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ കുമ്പനാട്ടുകാർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. “കേരളം: ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്തെ ഒരു പ്രേത നഗരം” എന്ന പേരിലാണ് ബിബിസി റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. വലിയ വീടുകൾ നിർമ്മിച്ച് പ്രായമായ മാതാപിതാക്കളെ തനിച്ചാക്കിയാണ് കുട്ടികൾ വിദേശത്തേക്ക് പോകുന്നതെന്നും പല വീടുകളും പൂട്ടിയിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. കുമ്പനാട്ടിൽ 25,000 പേർ താമസിക്കുന്നുണ്ടെന്നും 11,118 വീടുകളിൽ 15 ശതമാനവും പൂട്ടിയിട്ടിരിക്കുകയാണെന്നും കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.ജി. ആശ അങ്ങനെ പറഞ്ഞതായും വാർത്തയിൽ പറയുന്നു. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും വാർത്തയിലൂടെ കുമ്പനാടിനെ ചെളി വാരിതേക്കുകയാണെന്നും ആശ പറഞ്ഞു. ഇരുനില വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ അമ്മയുടെ ദയനീയ ചിത്രം എന്ന തരത്തിൽ അച്ചടിച്ചതിനെതിരെ മകനും രംഗത്തെത്തി. വിശദാംശങ്ങൾ ചോദിച്ച ശേഷം തെറ്റിദ്ധരിപ്പിച്ചാണ് ചിത്രം പകർത്തിയതെന്ന് വീട്ടമ്മ പറഞ്ഞു.
കോട്ടയം: ഡിജിറ്റൽ മേഖലയിലെ ഇന്ത്യയുടെ ശക്തിയും ഹരിതവികസന സാധ്യതകളും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ സഹായിക്കുന്ന ജി 20 ഷെർപകളുടെ രണ്ടാം സമ്മേളനത്തിന് കുമരകത്ത് തുടക്കമായി. രാഷ്ട്രത്തലവന്‍റെ പ്രതിനിധി എന്ന നിലയിൽ ഉന്നതതല സംഘത്തെ നയിക്കുന്നയാളാണ് ഷെർപ. ഇന്ത്യയുടെ ജി 20 ഷെർപ അമിതാഭ് കാന്ത് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. ലോകത്തിലെ വികസിതവും വികസ്വരവുമായ രാജ്യങ്ങൾ ചേർന്ന് 1999 ലാണ് ജി 20 രൂപീകരിച്ചത്. ലോകജനസംഖ്യയുടെ 65 ശതമാനവും ഈ രാജ്യങ്ങളിലാണ്. ലോക ജിഡിപിയുടെ 85 ശതമാനവും ഈ രാജ്യങ്ങളുടെ കൈവശമാണ്. അതുകൊണ്ട് തന്നെ ലോകത്തിന്‍റെ ഭാവി നിർണയിക്കുന്നതിൽ ജി 20 ഗ്രൂപ്പിന്‍റെ തീരുമാനങ്ങൾ നിർണായകമാണ്. 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേർന്നതാണ് ജി 20. ജി 20 യുടെ സാമ്പത്തിക വികസന മുൻഗണനകളും ആഗോള സാമ്പത്തിക വെല്ലുവിളികളും 4 ദിവസത്തെ സമ്മേളനത്തിൽ ചർച്ച ചെയ്യും. സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ നേതാക്കൾ നടത്തുന്ന പ്രഖ്യാപനത്തിന്‍റെ അടിസ്ഥാന രൂപീകരണത്തിന് ഇവിടെ തുടക്കം കുറിക്കും.…
ന്യൂഡല്‍ഹി: റിപ്പോ നിരക്ക് ഉയർത്താനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). 2023-2024 സാമ്പത്തിക വർഷത്തെ ആദ്യ നിരക്ക് വർധനവ് ഏപ്രിൽ ആദ്യ വാരം ഉണ്ടാകും. നിലവിൽ റിപ്പോ നിരക്ക് 6.5 ശതമാനമാണ്. റിസർവ് ബാങ്ക് ഇതിൽ 25 ബേസിസ് പോയിന്‍റ് വർധിപ്പിക്കുമെന്നാണ് സൂചന. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലെ പണപ്പെരുപ്പം സെൻട്രൽ ബാങ്കിന്‍റെ ടോളറൻസ് പരിധിയായ 6.00 ശതമാനത്തിന് മുകളിലാണ്. ജനുവരിയിൽ 6.52 ശതമാനവും ഫെബ്രുവരിയിൽ 6.44 ശതമാനവും എത്തി. ഇതാണ് റിസർവ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് ഉയർത്താനുള്ള പ്രധാന കാരണം. ഏപ്രിൽ 3 മുതൽ 6 വരെയാണ് റിസർവ് ബാങ്കിന്‍റെ ധനനയ യോഗം. റിസർവ് ബാങ്ക് നിരക്ക് 25 ബേസിസ് പോയിന്‍റ് ഉയർത്തുന്നതോടെ റിപ്പോ നിരക്ക് 7 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.75 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ.
അബുദാബി: പൊതു, ചരിത്ര, ദേശീയ, സ്വകാര്യ രേഖകൾ മനഃപൂർവ്വം നശിപ്പിക്കുകയോ രഹസ്യ രേഖകൾ ചോർത്തുകയോ ചെയ്യുന്നവർക്കുള്ള ശിക്ഷ കർശനമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. അനുമതിയില്ലാതെ രഹസ്യ രേഖ രാജ്യത്തിന് പുറത്തേക്ക് കടത്തുക, ഉള്ളടക്കം പകർത്തുക, വെളിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾക്ക് ഒരു വർഷം തടവും 50,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും. രേഖകൾ മോഷ്ടിക്കുകയും ശിക്ഷ നടപ്പാക്കുന്നത് തടയുകയും ചെയ്യുന്നവർക്കും സമാനമായ ശിക്ഷ ലഭിക്കും. പൊതുരേഖകൾ നശിപ്പിക്കുന്നവർക്ക് 8 മാസം വരെ തടവും 40,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴയുമാണ് ശിക്ഷ. കുറ്റകൃത്യത്തിന്‍റെ ഗൗരവം അനുസരിച്ച്, ശിക്ഷ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആയിരിക്കും.
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ കോടതി വിധി ഏപ്രിൽ നാലിന്. 2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്. കേസിൽ ആകെ 16 പ്രതികളാണുള്ളത്. 2022 ഏപ്രിൽ 28ന് ആരംഭിച്ച സാക്ഷി വിസ്താരത്തിൽ മൂന്ന് സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. പിന്നീട് 24 പേർ കൂറുമാറി. പ്രതിഭാഗം എട്ട് സാക്ഷികളെ ഹാജരാക്കി. കേസിലെ പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് മധുവിന്‍റെ കുടുംബം. അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്ന് ആരോപിച്ച് കാട്ടിൽ കയറി മധുവിനെ പിടിച്ച് കൊണ്ടുവന്ന് മർദ്ദിക്കുകയായിരുന്നു. തലയ്ക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ വീണ്ടും പോസ്റ്ററുകൾ. ‘ഇന്ത്യയുടെ പ്രധാനമന്ത്രി വിദ്യാസമ്പന്നനായിരിക്കേണ്ടതല്ലേ?’ എന്നെഴുതിയ പോസ്റ്ററുകളാണ് എഎപി ഓഫീസിന്‍റെ ചുമരിൽ പ്രത്യക്ഷപ്പെട്ടത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 11 പ്രാദേശിക ഭാഷകളിൽ പോസ്റ്റർ ക്യാമ്പയിൻ ആരംഭിക്കാനാണ് ആം ആദ്മി പാർട്ടി പദ്ധതിയിടുന്നത്. ഇത് രണ്ടാം തവണയാണ് ഡൽഹിയിൽ മോദിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്. മാർച്ച് 22 ന് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ‘മോദിയെ നീക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്ന പോസ്റ്ററുകൾ പതിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. 100 കേസുകളിലായി ആറുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ രണ്ടുപേർക്കും സ്വന്തമായി പ്രിന്റിംഗ് പ്രസ്സുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം പോസ്റ്ററുകളാണ് പിടിച്ചെടുത്തത്.
ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 കേസുകളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,016 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 40 % വർധനവാണിത്. ഇതോടെ പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനമായി. 14 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,862 ആയി. അതേസമയം ആക്ടീവ് കേസുകൾ കൂടുതലാണെങ്കിലും കണക്കുകളോ മറ്റ് പ്രവർത്തനങ്ങളോ കേരളം ഔദ്യോഗികമായി വിശദീകരിക്കുന്നില്ല. എത്ര പരിശോധനകൾ നടത്തി എന്നതടക്കമുള്ള വിശദാംശങ്ങൾ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ വിവിധ മേധാവികളോട് ചോദിച്ചപ്പോൾ മാധ്യമങ്ങളോട് ഒന്നും വെളിപ്പെടുത്തരുതെന്ന് മന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ടെന്നായിരുന്നു മറുപടി. സംസ്ഥാനത്ത് 3600 ഡോസ് കോവാക്സിനാണ് ഉള്ളത്. ഇതിന്‍റെ കാലാവധി 31ന് അവസാനിക്കും. പുതിയ 5,000 ഡോസ് കോർബി വാക്സിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് 31ന് എത്തും. സർക്കാർ അനുവദിക്കുന്ന ഏത് പ്രായക്കാർക്കും കോർബി വാക്സിൻ എടുക്കാം. മാത്രമല്ല, ഏതെങ്കിലും വാക്സിൻ എടുത്തവർക്ക് ഈ വാക്സിൻ റിസർവ് ഡോസായും എടുക്കാം.…
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതികരണവുമായി ജർമ്മനി. കേസിൽ അടിസ്ഥാന ജനാധിപത്യ തത്വങ്ങൾ പാലിക്കണമെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഇന്ത്യയിലെ പ്രതിപക്ഷ കക്ഷിയിലെ നേതാവായ രാഹുൽ ഗാന്ധിക്കെതിരായ വിധിയും അദ്ദേഹത്തിന്‍റെ പാർലമെന്‍ററി അംഗത്വം സസ്പെൻഡ് ചെയ്തതും ശ്രദ്ധയിൽപ്പെട്ടു. തങ്ങളുടെ അറിവിൽ, രാഹുൽ ഗാന്ധി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള തയ്യാറെടുപ്പിലാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്‍റെ വക്താവ് പറഞ്ഞു. ഈ വിധി നിലനിൽക്കുമോയെന്നും അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്നും അപ്പോൾ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന്‍റെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുടെയും മാനദണ്ഡങ്ങൾ കേസിന് ബാധകമാകുമെന്ന് ജർമ്മനി പ്രതീക്ഷിക്കുന്നതായും വക്താവ് പറഞ്ഞു. രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട കേസ് നിരീക്ഷിച്ച് വരികയാണെന്ന് ഈ ആഴ്ച ആദ്യം അമേരിക്കയും വ്യക്തമാക്കിയിരുന്നു. ജനാധിപത്യ മൂല്യങ്ങളോടു പ്രതിബദ്ധതയുള്ള പങ്കാളിത്തമാണ് യുഎസിന് ഇന്ത്യയോടെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു.