Author: News Desk

കടല്‍പ്പശു എന്നറിയപ്പെടുന്ന ഡുഗോംഗുകൾ വംശനാശഭീഷണി നേരിടുന്നതായി റിപ്പോർട്ട്. ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ) വെള്ളിയാഴ്ചയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. സമുദ്ര സസ്തനികളായ ഇവ കിഴക്കൻ ആഫ്രിക്കയിൽ ഗുരുതര വംശനാശഭീഷണി നേരിടുന്നവരായി തരംതിരിക്കുന്നു. ന്യൂ കാലിഡോണിയയിൽ അവയെ വംശനാശഭീഷണി നേരിടുന്നവയായും തരംതിരിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള ഡുഗോംഗുകൾ വംശനാശഭീഷണി സാധ്യത പട്ടികയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വേട്ടയാടൽ, ബോട്ടുകളിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ എന്നിവ പോലെ വംശനാശ ഭീഷണി നേരിടുന്നതിനുള്ള കാരണങ്ങൾ നിരവധിയാണ്. ആഴം കുറഞ്ഞ സമുദ്രമേഖലയിലെ കടൽ പുല്ലുകളാണ് ഇവയുടെ പ്രധാന ഭക്ഷണം.

Read More

ന്യൂ ഡൽഹി: കെ.എസ്.ആർ.ടി.സി ബസുകളിൽ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി സുപ്രീം കോടതിയിൽ. ഉത്തരവ് വലിയ വരുമാന നഷ്ടമുണ്ടാക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കെ.എസ്.ആർ.ടി.സി പരസ്യം നൽകുന്നതെന്നും അപ്പീലിൽ പറയുന്നു. പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സി വ്യവസായത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവെന്നും ശരിയായ പഠനമില്ലാതെയാണ് ഉത്തരവെന്നും കെ.എസ്.ആർ.ടി.സി സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ പറഞ്ഞു. ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെ.എസ്.ആർ.ടി.സി ഹർജിയിൽ ചോദ്യം ചെയ്യുന്നു. മുൻ സുപ്രീം കോടതി വിധിയിൽ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തതെന്ന് കെ.എസ്.ആർ.ടി.സി സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. സാമൂഹിക പ്രശ്നങ്ങളിൽ ജുഡീഷ്യറിയുടെ ഇടപെടൽ അംഗീകരിക്കുമ്പോഴും സാമൂഹിക സേവനമെന്ന നിലയിൽ മുന്നോട്ട് പോകുന്ന കെ.എസ്.ആർ.ടി.സിക്ക് ഇത്തരം ഉത്തരവുകൾ തിരിച്ചടിയാണെന്നും ഹർജിയിൽ പറയുന്നു. 

Read More

ടോക്യോ: ജപ്പാന്‍റെ സ്പേസ് സ്റ്റാർട്ട് അപ്പ് ഐ സ്പേസ് വികസിപ്പിച്ചെടുത്ത ചാന്ദ്രദൗത്യ പേടകം വിജയകരമായി വിക്ഷേപിച്ചു. അമേരിക്കൻ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്‍റെ ഫാൽക്കൺ-9 റോക്കറ്റ് ഉപയോഗിച്ച് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് സെന്‍ററിൽ നിന്നാണ് ‘ഹകുട്ടോ-ആർ’ എന്ന് പേരിട്ടിരിക്കുന്ന ലാൻഡർ വിക്ഷേപിച്ചത്. ചന്ദ്രനിലേക്ക് കുതിക്കുന്ന ലോകത്തിലെ ആദ്യത്തെ വാണിജ്യ ബഹിരാകാശ പേടകമാണ് ഹകുട്ടോ. പേടകത്തിലെ നാസയുടെ ചെറിയ ഉപഗ്രഹം ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിച്ച് ചന്ദ്രനിൽ ജലത്തിന്‍റെ സാന്നിദ്ധ്യം പരിശോധിക്കും. കൂടാതെ, ജപ്പാന്‍റെ ജാക്സ സ്പേസ് ഏജൻസിയുടെ റോബോട്ടിക് റോവറും യു.എ.ഇയുടെ റാഷിദ് റോവറും ലാന്‍ഡറിലുണ്ട്. കുറഞ്ഞ ചെലവിൽ കൂടുതല്‍ ചരക്കുകള്‍ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ യാത്രയ്ക്കാണ് ഐ സ്പേസ് ലാൻഡർ വികസിപ്പിച്ചെടുത്തത്. അതിനാൽ, നേരിട്ട് ചന്ദ്രനിലേക്ക് പോകുന്നതിനുപകരം, കുറഞ്ഞ ഊർജ്ജം ആവശ്യമുള്ള വേഗംകുറഞ്ഞ പാതയാണ് യാത്രയ്ക്കായി തിരഞ്ഞെടുക്കുക. ഭൂമിയിൽ നിന്ന് 1.6 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ച് ഏപ്രിൽ അവസാനത്തോടെ ചാന്ദ്ര പാതയിൽ പ്രവേശിക്കും.

Read More

കോഴിക്കോട്: ക്വട്ടേഷൻ സംഘങ്ങൾ സി.പി.എമ്മിന് തലവേദനയാകുന്നു. ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിയുടെ പേരിൽ പണം പിരിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതി. കോഴിക്കോട് താമരശ്ശേരിയിലെ സി.പി.എം നേതൃത്വമാണ് ഇത് സംബന്ധിച്ച് പരാതിയുമായി രംഗത്തെത്തിയത്. പാർട്ടിയുടെ പേരിൽ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെടുകയാണെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്. ക്വട്ടേഷൻ സംഘങ്ങൾ ചിലരോട് അഞ്ച് ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ ആവശ്യപ്പെട്ടതായാണ് വിവരം. ഇത്തരക്കാർക്ക് പാർട്ടിയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും ഇവരുടെ പേരുകൾ ഉടൻ പുറത്തുവിടുമെന്നും സി.പി.എം നേതാക്കൾ പറഞ്ഞു. പാർട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിപിഎം നേതൃത്വം മുന്നറിയിപ്പ് നൽകി. സംഭവം നാട്ടിൽ വലിയ ചർച്ചാവിഷയമായ സാഹചര്യത്തിൽ പാർട്ടി നിലപാട് വിശദീകരിക്കാൻ താമരശ്ശേരിയിൽ സി.പി.എം ഉടൻ പൊതുയോഗം വിളിക്കും.    

Read More

മറ്റൊരു ഛിന്നഗ്രഹം കൂടി ഭൂമിയോട് അടുക്കുകയാണ്. ക്രിസ്മസ് ഛിന്നഗ്രഹം എന്ന് വിളിപ്പേരുള്ള ഇത് ഈ മാസം 15 ഓടെ ഭൂമിയുടെ അടുത്തെത്തും. ‘2015 ആർഎൻ 35’ എന്നറിയപ്പെടുന്ന ഈ ഛിന്നഗ്രഹം കുറച്ച് കാലമായി ജ്യോതിശാസ്ത്രജ്ഞരെ അതിശയിപ്പിക്കുന്നു. അതിന്‍റെ സഞ്ചാരപഥം ഏതാണ്, അത് സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. ഈ ഛിന്നഗ്രഹത്തിന് അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ വലിപ്പം പോലുമില്ല. പതിച്ചാൽ, ഒരു പ്രദേശത്ത് മുഴുവൻ നാശനഷ്ടം ഉണ്ടാക്കാൻ ശേഷിയുണ്ട്. എന്നാൽ, അപകടസാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഇത് തിരിച്ചറിയാനും കണ്ടെത്താനും യൂറോപ്യൻ ബഹിരാകാശ ഏജൻസി ജ്യോതിശാസ്ത്രജ്ഞരെ ക്ഷണിച്ചിട്ടുണ്ട്. ഏകദേശം 4.6 ബില്യൺ വർഷങ്ങൾക്ക് മുമ്പ് സൗരയൂഥം രൂപപ്പെട്ടപ്പോൾ അവശേഷിച്ച പാറക്കഷ്ണങ്ങളാണ് ഛിന്നഗ്രഹങ്ങൾ.

Read More

മുളന്തുരുത്തി: മുളന്തുരുത്തിയിലെ വെജിറ്റേറിയൻ ഹോട്ടലിൽ കയറിയ അയ്യപ്പ ഭക്തർക്ക് നൽകിയ ഭക്ഷണത്തിൽ ഒച്ചിനെ കണ്ടെത്തി. ശബരിമലയിലേക്കുള്ള യാത്രാമധ്യേ കണ്ണൂരിൽ നിന്നുള്ള ഒരു സംഘമാണ് മുളന്തുരുത്തി-ചോറ്റാനിക്കര റോഡിലെ ശരവണഭവൻ വെജിറ്റേറിയൻ ഹോട്ടലിൽ കയറിയത്. സംഘത്തിലൊരാൾ പൂരി മസാല ഓർഡർ ചെയ്തു. മസാലയിലാണ് ഒച്ചിനെ കണ്ടത്. ഒച്ചിനെ കണ്ടതോടെ ഹോട്ടൽ ജീവനക്കാരോട് പരാതിപ്പെട്ടു. എന്നാൽ ജീവനക്കാർ മോശമായി പെരുമാറുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു. പൊലീസും ആരോഗ്യവകുപ്പ് ജീവനക്കാരും ഉടൻ തന്നെ സ്ഥലത്തെത്തി ഹോട്ടൽ അടപ്പിച്ചു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരാൻ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച യെല്ലോ അലർട്ട് തുടരുകയാണ്. അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് രാവിലെ ഏഴ് മണിക്ക് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബർ 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. വടക്കൻ കേരളത്തിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് മഴയ്ക്ക് കാരണം. ഇത് ഇന്ന് ന്യൂനമർദ്ദമായി മാറി ഇന്ത്യൻ തീരത്ത് നിന്ന് അകന്നുപോകാനാണ് സാധ്യത. മത്സ്യതൊഴിലാളികൾക്കുള്ള വിലക്ക് തുടരുന്നു.

Read More

ന്യൂഡൽഹി: നടി ജാക്വലിൻ ഫെർണാണ്ടസിനും മറ്റ് 15 മാധ്യമ സ്ഥാപനങ്ങൾക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടി നോറ ഫത്തേഹി പരാതി നൽകി. ജാക്വലിൻ ഫെർണാണ്ടസിന്‍റെ പരാമർശം വാർത്തയാക്കി പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണു മാധ്യമ സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതി. ജാക്വിലിനും മാധ്യമങ്ങളും പരസ്പരം ഒത്തൊരുമയോടെയാണ് പ്രവർത്തിക്കുന്നതെന്ന് നോറ കുറ്റപ്പെടുത്തി. തന്‍റെ സാമ്പത്തികവും സാമൂഹികവും വ്യക്തിപരവുമായ തകർച്ച ഉറപ്പാക്കാൻ ജാക്വലിൻ ഗൂഢാലോചന നടത്തിയെന്ന് നോറ പരാതിയിൽ ആരോപിക്കുന്നു. തന്‍റെ കരിയറിലെ വളർച്ച ഒരു ഭീഷണിയായി അവർ കണക്കാക്കുന്നു. ബോളിവുഡ് വ്യവസായത്തിൽ തന്നോട് മത്സരിക്കാനാകാതെ തന്‍റെ പ്രശസ്തി കളങ്കപ്പെടുത്താൻ ജാക്വലിൻ ശ്രമിക്കുകയാണെന്നും അതുവഴി അവസരങ്ങൾ കുറയ്ക്കാനാണ് ശ്രമമെന്നും പരാതിയിൽ പറയുന്നു. “സിനിമാ മേഖലയിൽ വ്യക്തികളുടെ പ്രശസ്തി വളരെ പ്രധാനമാണ്. അതിലെ ഏത് കളങ്കവും അവരുടെ കരിയറിന് വളരെയധികം ദോഷം ചെയ്യും. എല്ലാ കുറ്റാരോപിതർക്കും ഇക്കാര്യം നന്നായി അറിയാം. അതിനാൽ, അവർ ചെയ്ത അപകീർത്തിപ്പെടുത്തൽ ദുരുദ്ദേശപരമാണ്” , പരാതിയിൽ പറയുന്നു.

Read More

ശബരിമല: സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ ബുക്കിംഗ് കുറച്ചു. ഇന്ന് 89,850 തീർത്ഥാടകരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ആൾക്കൂട്ട നിയന്ത്രണത്തിന്‍റെ ഭാഗമായി പമ്പ മുതൽ വിവിധ സ്ഥലങ്ങളിൽ പൊലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൂജാവേളയിൽ തീർത്ഥാടകരെ മാത്രമേ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കൂ. ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും അഷ്ടാഭിഷേകം. സന്നിധാനത്തെ തിരക്ക് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നലെ പുതിയ എസ്പി ചുമതലയേറ്റു. ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ സർക്കാർ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ എടുത്ത തീരുമാനങ്ങൾ അറിയിക്കാൻ ജില്ലാ കളക്ടർക്ക് കോടതി നിർദേശം നൽകിയിരുന്നു. ഇക്കാര്യം ജില്ലാ കളക്ടർ ഇന്ന് കോടതിയെ അറിയിക്കും. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ കാര്യക്ഷമമാക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. നിലയ്ക്കലിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ആവശ്യത്തിന് തൊഴിലാളികളെ നിയമിച്ചില്ലെങ്കിൽ കരാറുകാരനെ പുറത്താക്കാനും കോടതി നിർദ്ദേശിച്ചു.

Read More

ന്യൂ ഡൽഹി: ഇന്ത്യ-ചൈന സൈനിക സംഘർഷത്തെ തുടർന്ന് നിയന്ത്രണ രേഖയിൽ അതീവ ജാഗ്രത. അതേസമയം, സംഘർഷത്തിനായി തവാങ് സെക്ടറിലെത്തിയ ചൈനീസ് സൈന്യത്തിന്‍റെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ആണികള്‍ തറച്ച മരക്കഷ്ണവും ടേസർ തോക്കുകളും കയ്യില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. 15 ലധികം ചൈനീസ് സൈനികർക്ക് പരിക്കേറ്റതായി സൂചനയുണ്ട്. അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ സംഘർഷ വിഷയം കോൺഗ്രസ് ഇന്ന് പാർലമെന്‍റിൽ ഉന്നയിക്കും. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സഭയിൽ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടേക്കും. സമ്മേളനത്തിന് മുന്നോടിയായി ബിജെപി പാർലമെന്‍ററി പാർട്ടി യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ പങ്കെടുത്തേക്കും. 

Read More