Author: News Desk

കൊച്ചി: ഇലന്തൂർ ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. പത്മം, റോസ്ലി എന്നീ 2 സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ് ശശിധരൻ പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. പെരുമ്പാവൂർ എ.എസ്.പി അനുജ് പാലിവാൾ ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ സി ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു ജോസ്, കാലടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് എന്‍എ എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥർ, എളമക്കര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എയിന്‍ ബാബു, കാലടി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ബിപിൻ ടി.ബി എന്നിവരാണ് മറ്റ് അംഗങ്ങൾ. ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണ സംഘം പ്രവർത്തിക്കുക. 

Read More

ദുബായ്: വിദേശ യാത്രാ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. യുകെയും നോർവേയും സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്. ഇത് ഒരു സ്വകാര്യ സന്ദർശനമാണെന്നും പൊതു ചടങ്ങുകളിൽ പങ്കെടുക്കില്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്. അബുദാബിയിൽ താമസിക്കുന്ന മകനെയും കുടുംബത്തെയും സന്ദർശിച്ച ശേഷം 14ന് കേരളത്തിലേക്ക് മടങ്ങും. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെയാണ് മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനമെന്ന ആരോപണം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്. യുകെ, നോർവേ, ഫിൻലാൻഡ് എന്നിവിടങ്ങൾ സന്ദർശിക്കാനായിരുന്നു കേന്ദ്രാനുമതി ലഭിച്ചത്. എന്നാൽ, യുകെ, നോർവേ പര്യടനത്തിന് ശേഷം ദുബായ് സന്ദർശിക്കാൻ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. ഇതിന് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രം തീരുമാനം അറിയിക്കുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി യു.എ.ഇയിലെത്തിയന്നാണ് വിദേശകാര്യ മന്ത്രാലയം വക്താക്കൾ പറയുന്നത്.

Read More

റിയാദ്: സൗദിയിലെ ജനസംഖ്യ 3.4 കോടിയെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ജനസംഖ്യ 3,41,10,821 ആണെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 10 വർഷത്തിനിടെ 16.8 ശതമാനം വർധനയുണ്ടായിട്ടുണ്ട്. അതേസമയം വാർഷിക വളർച്ചാ നിരക്ക് 9.3 ശതമാനമാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. 2021ലെ ജനസംഖ്യയുടെ നാലിലൊന്ന് 15 വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ജനസംഖ്യാ പിരമിഡിന്‍റെ അടിത്തറ യുവതലമുറ വഹിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്. 2012ൽ സൗദി അറേബ്യയിലെ ജനസംഖ്യ 2,91,95,895 ആയിരുന്നു. 2021ൽ, സ്വദേശികളുടെ ജനസംഖ്യ 1,93,63,656 ഉം വിദേശികളുടെ ജനസംഖ്യ 1,47,47,165 ഉം ആണ്.

Read More

കുവൈറ്റ്‌ : ഇന്ത്യൻ ചെമ്മീന്റെ ഇറക്കുമതിക്ക് കുവൈറ്റിൽ ഭാഗിക നിരോധനം. 2017 മുതൽ കുവൈറ്റിലേക്കുള്ള ഇന്ത്യൻ ചെമ്മീൻ ഇറക്കുമതി നിരോധിച്ചിരുന്നതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. കഴിഞ്ഞ ദിവസം ഖത്തറിലെ മാർക്കറ്റുകളിലെ ഇന്ത്യൻ ചെമ്മീനിൽ ആരോഗ്യത്തിന് ഹാനികരമായ സൂക്ഷ്മാണുക്കൾ കണ്ടെത്തിയതിനെ തുടർന്നാണ് കുവൈറ്റ് സർക്കാർ നടപടി കർശനമാക്കിയത്. അതേസമയം, ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ചെമ്മീൻ ഉപഭോഗത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയതോടെ ഇവയെ നിരോധനത്തിൽ നിന്ന് ഒഴിവാക്കി.

Read More

ദില്ലി: കേന്ദ്രസർക്കാറിന്റെ 2016ലെ നോട്ട് നിരോധനം പരിശോധിക്കുമെന്ന് സുപ്രീംകോടതി. സർക്കാറിന്റെ നയപരമായ കാര്യങ്ങളിലെ നീതിന്യായ സംവിധാനങ്ങളുടെ ലക്ഷ്മണരേഖ സംബന്ധിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ്.എ നസീർ അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റേതാണ് നടപടി. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാരിനോടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോടും ആവശ്യപ്പെട്ടു. നവംബർ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.നോട്ടുനിരോധത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട 59 ഹർജികളിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. 2016 നവംബർ 8നു രാത്രി 8 മണിക്കാണ് 500, 1000 എന്നീ കറൻസീ നോട്ടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരോധിച്ചത്. രാത്രി 12 മണി മുതൽ നിരോധനം പ്രാബല്യത്തിലായി. കള്ളപ്പണക്കാർക്ക് വമ്പൻ പ്രഹരമായിരുന്നു ഈ സർപ്രൈസ് പ്രഖ്യാപനത്തിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. 4 മണിക്കൂർകൊണ്ട് വമ്പൻ കള്ളപ്പണക്കാർക്ക് ഒന്നും ചെയ്യാനാവില്ലെന്ന കണക്കുകൂട്ടൽ. എന്നാൽ ഒരു സൂചന പോലും നൽകാതെ പെട്ടെന്നുണ്ടായ പ്രഖ്യാപനം രാജ്യത്തെ ജനങ്ങളെയും ബാധിച്ചു.

Read More

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്കായി ദയാബായി നടത്തുന്നത് ധീരമായ പോരാട്ടമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി 11 ദിവസം പിന്നിട്ടിട്ടും സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തത് ദൗർഭാഗ്യകരമാണ്. സർക്കാർ നിലപാട് അപലപനീയമാണ്. എൻഡോസൾഫാൻ ദുരിതബാധിതരോട് കടുത്ത അനീതിയാണ് സർക്കാർ ചെയ്യുന്നതെന്നും സുധാകരൻ പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതനായ മകനെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തെന്ന ഞെട്ടിപ്പിക്കുന്ന വാർത്ത ഏതാനും മാസങ്ങൾക്ക് മുമ്പ് കേരളം കേട്ടിരുന്നു. എന്നിട്ടും അധികാരികളുടെ കണ്ണ് തുറന്നിട്ടില്ല. സുപ്രീം കോടതി നിർദേശപ്രകാരം കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ പോലും സംസ്ഥാന സർക്കാർ അലംഭാവം കാണിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരെ സംരക്ഷിക്കുന്ന വിഷയത്തിൽ കേരള സർക്കാർ പുറംതിരിഞ്ഞ് നിൽക്കുകയാണ്. സർക്കാരിന്റെ അനങ്ങാപ്പാറ നയം തിരുത്താനുള്ള ജനകീയ പോരാട്ടം കോൺഗ്രസ് ഏറ്റെടുക്കുമെന്നും സുധാകരൻ പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്.ബാബുവും ദയാബായിയെ കാണാൻ എത്തിയിരുന്നു. ദയാബായിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് പ്രകടനം നടത്തുമെന്നും സുധാകരൻ പറഞ്ഞു.

Read More

ദില്ലി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച സർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും. ഹർജികളിലെ വാദങ്ങൾ നേരത്തെ പൂർത്തിയാക്കുകയും വിധി പ്രസ്താവത്തിനായി മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച സർക്കാർ നടപടി ശരിവച്ച കർണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാൻശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. ഹിജാബ് ധരിക്കുന്നത് വൈവിധ്യത്തിന്‍റെ ഭാഗമായി കണ്ടുകൂടേ എന്ന് വാദം കേൾക്കുന്നതിനിടെ കോടതി ചോദിച്ചിരുന്നു.  ഹിജാബ് നിരോധിച്ചത് മുസ്ലീം വിദ്യാർത്ഥിനികൾക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കലാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചിരുന്നു. 150 വിദ്യാർത്ഥിനികൾ പഠനം ഉപേക്ഷിച്ച് ഹിജാബ് നിരോധിച്ച സ്ഥാപനത്തിൽ നിന്ന് ടിസി വാങ്ങിയതായി കാണിക്കുന്ന രേഖയും കപിൽ സിബൽ കോടതിയിൽ സമർപ്പിച്ചു. ഹിജാബ് സംസ്കാരത്തിന്‍റെ ഭാഗമാണെന്നും കപിൽ സിബൽ പറഞ്ഞു. 

Read More

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത ‘പാൽതു ജാൻവർ’ എന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. തീയേറ്ററുകളിൽ ഹിറ്റായ ചിത്രം ഒക്ടോബർ 14 മുതൽ ഡിസ്നി + ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. വിനോയ് തോമസും അനീഷ് അഞ്ജലിയും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഇന്ദ്രൻസ്, ജോണി ആന്‍റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. അമൽ നീരദ്, മിഥുൻ മാനുവൽ തോമസ് എന്നിവരുടെ അസോസിയേറ്റായിരുന്നു സംഗീത് പി. രാജൻ.

Read More

പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ ആരോപണം ഉന്നയിച്ച യുവതിക്കെതിരെ എം.എൽ.എയുടെ ഭാര്യയുടെ പരാതി. എൽദോസ് കുന്നപ്പിള്ളിയുടെ പക്കൽ നിന്ന് യുവതി ഫോൺ മോഷ്ടിച്ചെന്നാണ് പരാതി. ഭർത്താവിനെ ഭീഷണിപ്പെടുത്തുന്നുവെന്നും വ്യാജപരാതി നൽകിയെന്നും കാണിച്ച് ഭാര്യ മറിയാമ്മ എൽദോസ് കുറുപ്പംപടി പൊലീസിൽ പരാതി നൽകി. ഫോൺ വീണ്ടെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന അധ്യാപികയുടെ പരാതിയിൽ എം.എൽ.എക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് എൽദോസ് കുന്നപ്പിള്ളിയുടെ ഭാര്യ യുവതിക്കെതിരെ പരാതി നൽകിയത്. എൽദോസിന്‍റെ ഫോൺ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പ്രവർത്തനങ്ങൾ നടത്തുന്നതായും പരാതിയിൽ പറയുന്നു. എന്നാൽ എൽദോസ് കുന്നപ്പിള്ളി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ എൽദോസ് മുൻകൂർ ജാമ്യത്തിനായി തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. കേസ് കോടതി ശനിയാഴ്ച പരിഗണിക്കും.

Read More

ന്യൂഡൽഹി: രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ഉയർന്നു. നിലവിൽ 7.41 ശതമാനമാണ് രാജ്യത്തെ പണപ്പെരുപ്പം. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയമാണ് പണപ്പെരുപ്പ കണക്കുകൾ പുറത്തുവിട്ടത്. എന്നാൽ, പണപ്പെരുപ്പം തുടർച്ചയായ ഒൻപതാം മാസവും റിസർവ് ബാങ്ക് ലക്ഷ്യത്തിലേക്കെത്തിയിട്ടില്ല. പണപ്പെരുപ്പം വർദ്ധിച്ചതോടെ കഴിഞ്ഞ ഒരു വർഷത്തിനിടെ റിസർവ് ബാങ്ക് 190 ബേസിസ് പോയിന്‍റ് വർദ്ധിപ്പിച്ചിരുന്നു. പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഭക്ഷ്യവസ്തുക്കളുടെ ഉയർന്ന വിലയാണ്. പച്ചക്കറി മുതൽ വൈദ്യുതി വരെ എല്ലാത്തിനും വില ഉയർന്നു. പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്നായി ഇത് മാറി. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ, റിസർവ് ബാങ്ക് ഡിസംബറിലും പലിശ നിരക്ക് ഉയർത്താനാണ് സാധ്യത.

Read More