
മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്) സംഘടിപ്പിക്കുന്ന 2026-ലെ ഓണം–ചതയദിനാഘോഷങ്ങൾക്ക് വർണാഭമായ തുടക്കമായി. ഓഗസ്റ്റ് 27 വ്യാഴാഴ്ച വൈകിട്ട് എട്ടിന് ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിലും തുടർന്നുനടന്ന കലാപരിപാടികളിലും വലിയ ജനപങ്കാളിത്തം ദൃശ്യമായി.
എസ്.എൻ.സി.എസ് അംഗങ്ങൾ ആലപിച്ച ദൈവദശകത്തോടെയും ഗഗന, ആത്മിക, നിരഞ്ജന, നക്ഷത്ര എന്നിവർ അവതരിപ്പിച്ച പൂജാനൃത്തത്തോടെയുമാണ് ചടങ്ങുകൾ ആരംഭിച്ചത്. പൊതുസമ്മേളനത്തിൽ ജനറൽ സെക്രട്ടറി പ്രകാശ് കെ.പി സ്വാഗതം പറഞ്ഞു. ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ചു.

പ്രമുഖ വ്യവസായി പമ്പാവാസൻ നായർ ഭദ്രദീപം തെളിച്ച് ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അദ്ദേഹത്തെ എസ്.എൻ.സി.എസ് ഭാരവാഹികൾ ആദരിച്ചു. തുടർന്ന് പമ്പാവാസൻ നായർ ഉദ്ഘാടനപ്രഭാഷണം നടത്തി.
ദേശഭക്തിഗാന മത്സരത്തിൽ പങ്കെടുത്ത പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. സാംസ്കാരിക സെക്രട്ടറി സംഗീത ഗോകുൽ നന്ദി രേഖപ്പെടുത്തി. തുടർന്നുനടന്ന സാംസ്കാരിക സന്ധ്യയിൽ കുട്ടികളുടെ നൃത്തങ്ങൾ, വനിതകളുടെ തിരുവാതിരക്കളി, സിനിമാറ്റിക് നൃത്തം, യുവാക്കളുടെ പുലിക്കളി, സ്കിറ്റുകൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. രാജേഷ് പെരുങ്ങുഴിയായിരുന്നു പരിപാടിയുടെ മുഖ്യ അവതാരകൻ.

ആഘോഷങ്ങളുടെ രണ്ടാം ദിവസമായ ഓഗസ്റ്റ് 28 വെള്ളിയാഴ്ച ചതയദിനത്തോടനുബന്ധിച്ച് വിപുലമായ ഓണസദ്യയും സംഘടിപ്പിച്ചു. എഴുനൂറിലധികം ആളുകൾ പങ്കെടുത്ത വിഭവസമൃദ്ധമായ സദ്യ ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി.


