അബുദാബി: ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പുതിയ അവധിക്കാല പദ്ധതിയുമായി അബുദാബി സാംസ്കാരിക–വിനോദസഞ്ചാര വകുപ്പ് (ഡിസിടി അബുദാബി). തിരഞ്ഞെടുത്ത ട്രാവൽ പങ്കാളികൾ വഴി അബുദാബിയിലേക്കുള്ള ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്ന യോഗ്യരായ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് യുഎഇ എൻട്രി വിസ സൗജന്യമായി നൽകുന്നതാണ് പദ്ധതി.
ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയാണ് ഓഫർ ലഭ്യമാകുക. പൈലറ്റ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ 20,000 വിസകൾക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. ഇന്ത്യയിൽനിന്ന് യാത്ര പുറപ്പെടുന്ന ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കാണ് പദ്ധതിയിൽ പങ്കെടുക്കാൻ കഴിയുക.
ഓഫർ ലഭിക്കുന്നതിനായി അബുദാബിയിലെ ഹോട്ടലിൽ തുടർച്ചയായി കുറഞ്ഞത് മൂന്ന് രാത്രികളുടെ താമസം ബുക്ക് ചെയ്തിരിക്കണം. ഇന്ത്യയിൽനിന്നുള്ള റിട്ടേൺ വിമാന ടിക്കറ്റും നിർബന്ധമാണ്. പദ്ധതിയുടെ ഭാഗമായ അംഗീകൃത ട്രാവൽ ഏജൻസികളിലൂടെയോ ഓൺലൈൻ ട്രാവൽ ഏജൻസികളിലൂടെയോ ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യണം.
വ്യക്തിഗതമായി വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് ആനുകൂല്യം ലഭിക്കില്ല. അംഗീകൃത ട്രാവൽ പങ്കാളികൾ വഴി ബുക്ക് ചെയ്യുന്ന പാക്കേജുകൾക്കു മാത്രമാണ് സൗജന്യ വിസ പദ്ധതി ബാധകമാകുന്നത്. ഇന്ത്യൻ സഞ്ചാരികളുടെ എൻട്രി വിസയ്ക്കുള്ള ചെലവ് ഡിസിടി അബുദാബി പൂർണമായും വഹിക്കും.
ഡിസിടി ചുമതലപ്പെടുത്തിയ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനി വഴി അപേക്ഷിക്കുമ്പോൾ വിസച്ചെലവ് നേരിട്ട് വകുപ്പ് വഹിക്കും. മറ്റു അംഗീകൃത ഡിഎംസി പങ്കാളികൾ വഴിയുള്ള അപേക്ഷകളിൽ അനുവദിക്കുന്ന ഓരോ വിസയ്ക്കും 285 ദിർഹം വീതം തിരിച്ചുനൽകും.
അബുദാബിയുടെ പ്രധാനപ്പെട്ട അന്താരാഷ്ട്ര വിനോദസഞ്ചാര വിപണികളിലൊന്നാണ് ഇന്ത്യയെന്ന് ഡിസിടി അബുദാബി ഇന്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടർ അബ്ദുള്ള യൂസഫ് പറഞ്ഞു. ഇന്ത്യൻ സഞ്ചാരികളുടെ യാത്ര കൂടുതൽ എളുപ്പവും ചെലവുകുറഞ്ഞതുമാക്കാൻ പുതിയ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

