മനാമ: തൊഴിൽ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പരിശോധനകളിൽ പിടിയിലായ 574 പ്രവാസികളെ നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. തൊഴിൽ വിപണിയിലെ ക്രമക്കേടുകൾ തടയാനും സുതാര്യവും മത്സരക്ഷമവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുമാണ് പരിശോധനകൾ നടത്തിയത്.
ഒക്ടോബറിൽ വിവിധ സർക്കാർ ഏജൻസികളുമായി ചേർന്ന് 3,692 പരിശോധനകളാണ് നടത്തിയത്. ഇതിൽ നിയമവിരുദ്ധമായി ജോലി ചെയ്തിരുന്ന 62 തൊഴിലാളികളെ പുതുതായി കണ്ടെത്തി. നിയമനടപടികൾക്കുശേഷം കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ ഇവരെയും നാടുകടത്തുമെന്ന് അതോറിറ്റി അറിയിച്ചു.
പരിശോധനകളിൽ എൽ.എം.ആർ.എ നിയമങ്ങളും ബഹ്റൈനിലെ തിരിച്ചറിയൽ കാർഡ് നിയമങ്ങളും ലംഘിച്ചതായും കണ്ടെത്തി. പരിശോധനകളിൽ സഹകരിച്ച നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ), ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് സയൻസ്, ഗവർണറേറ്റുകളിലെ പോലീസ് ഡയറക്ടറേറ്റുകൾ, സിവിൽ ഡിഫൻസ്, ട്രാഫിക് ഡയറക്ടറേറ്റ് തുടങ്ങിയ ആഭ്യന്തര മന്ത്രാലയ വിഭാഗങ്ങൾക്കും മറ്റ് സർക്കാർ ഏജൻസികൾക്കും എൽ.എം.ആർ.എ നന്ദി അറിയിച്ചു.
നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാവുന്നവർ www.lmra.gov.bh എന്ന വെബ്സൈറ്റ്, ‘തവാസുൽ’ സംവിധാനം, അല്ലെങ്കിൽ 17506055 എന്ന കോൾ സെന്റർ നമ്പർ വഴി വിവരമറിയിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
