അബുദാബി: യുഎഇ പതാകദിനത്തിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക അതിഥിയായി മലയാളി വനിത ഷംജ മുജീബ്. തൃശൂർ കുന്നംകുളം അഞ്ഞൂർ സ്വദേശിനിയായ ഷംജ, അബുദാബി പോർട്സ് ഗ്രൂപ്പിന്റെ ഫുജൈറ ടെർമിനലിൽ ഉദ്യോഗസ്ഥയാണ്. പ്രസിഡന്റിന്റെ അഭിനന്ദനത്തിന് തിരഞ്ഞെടുക്കപ്പെട്ട 55 പ്രമുഖരിൽ ഒരാളായിരുന്നു അവർ.
യുഎഇയുടെ 55 വർഷത്തെ പ്രതിനിധീകരിച്ച് വിവിധ മേഖലകളിൽ ധീരതയും നിസ്തുല സേവനവും കാഴ്ചവെച്ച 55 പേരെയാണ് പ്രസിഡന്റിനൊപ്പം പതാക ഉയർത്താൻ ക്ഷണിച്ചത്. അബുദാബിയിലെ ഖസർ അൽ ഹുസ്നിലായിരുന്നു ചടങ്ങ്. പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിനായി നൽകിയ സേവനങ്ങളും പ്രകടിപ്പിച്ച ധീരതയും പരിഗണിച്ചാണ് ഇവരെ ആദരിച്ചത്.

ഫുജൈറ ടെർമിനലിൽ യുദ്ധകാലത്ത് നൽകിയ വിലമതിക്കാനാകാത്ത സേവനവും പ്രതിബദ്ധതയും മുൻനിർത്തിയാണ് ഷംജയെ തിരഞ്ഞെടുത്തത്. ഇത് അപ്രതീക്ഷിതവും ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷവുമാണെന്ന് ഷംജ പ്രതികരിച്ചു.
യുഎഇയിലെ മാധ്യമപ്രവർത്തകൻ മുജീബ് അഞ്ഞൂരിന്റെ ഭാര്യയായ ഷംജ കുടുംബത്തോടൊപ്പം ഫുജൈറയിലാണ് താമസം. തൃശൂർ ചാവക്കാട് കേളച്ചേടത്ത് പരേതനായ മുഹമ്മദിന്റെയും സുബൈദയുടെയും മകളാണ്. റൂമി റഹൻ, റിസിൽ സായൂജ്, റെയ്സൽ റിസ്വി എന്നിവർ മക്കളാണ്. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഷമീർ മുഹമ്മദ്, കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. ഷംല മുഹമ്മദ് എന്നിവർ സഹോദരങ്ങളാണ്.
ചടങ്ങിനിടെ അതിഥികളിലൊരാളായ ഡോ. അബ്റാർ അൽ തനീജിയെ പ്രസിഡന്റ് പതാക ഉയർത്താൻ ഒപ്പം ക്ഷണിച്ചു. അതിഥികളുമായി ഹസ്തദാനം ചെയ്ത് അഭിനന്ദിച്ച അദ്ദേഹം, അവരോടൊപ്പം ചിത്രങ്ങൾക്കും സമയം കണ്ടെത്തി.

